ശബരി പാത : ജീവൻവയ്‌ക്കുന്നത്‌ 25 വർഷമായി മുടങ്ങിക്കിടന്ന പദ്ധതിക്ക്‌



തിരുവനന്തപുരം ശബരിമലയുടെ വികസനത്തിന്‌ അനിവാര്യമായ അങ്കമാലി–- -ശബരി റെയിൽപാതയുടെ ചെലവിന്റെ പകുതിയും സംസ്ഥാന സർക്കാർ വഹിക്കും. 111 കിലോമീറ്ററുള്ള പാതയ്‌ക്ക്‌ 2815 കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിന്റെ അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും. കാൽനൂറ്റാണ്ടായി അനിശ്‌ചിതത്വത്തിൽ കിടന്ന പദ്ധതിയാണ്‌ ജീവൻവയ്‌ക്കുന്നത്‌. 1998 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദർശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ സൗകര്യവും സംസ്ഥാന വികസനവും മുന്നിൽക്കണ്ടാണ്  പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ,  റെയിൽവേ താൽപ്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് 517 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് പലമടങ്ങായി. എട്ട്‌  കിലോമീറ്റർ ദൂരം മാത്രമാണ്‌ ഇപ്പോൾ പൂർത്തിയായത്‌. നിർമാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയിൽവേ എടുത്തു. ദേശീയ തീർഥാടന കേന്ദ്രമെന്ന നിലയിൽ റെയിൽവേയുടെ ചെലവിൽത്തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചെങ്കിലും ഫലം കണ്ടില്ല. ഭൂവുടമകൾക്കും രക്ഷയാകും പാതയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കാലടി മുതൽ തൊടുപുഴ മണക്കാട്‌, കരിങ്കുന്നം വരെയുള്ള  68 കിലോമീറ്റർ സ്ഥലത്ത്‌ 20വർഷം‌ മുമ്പുതന്നെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരിന്നു. മൂന്നും അഞ്ചും സെന്റുള്ള 900ത്തോളം പേരുടെ ഭൂമിയും വീടുമാണ്‌ ഇങ്ങിനെ അനിശ്‌ചിതത്വത്തിലായത്‌.  ഇവർക്ക്‌ ഭൂമി വിൽക്കാനോ ഈട്‌ വയ്‌ക്കാനോ കഴിയാത്ത അവസ്ഥയാണ്‌. എൽഡിഎഫ്‌ സർക്കാർ തീരുമാനം ഇവർക്കും രക്ഷയാകും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ജോയ്‌സ്‌ജോർജ്‌ എംപിയുടെ നേതൃത്വത്തിൽ കാലടി മുതൽ തൊടുപുഴ വരെ നടന്ന പദയാത്രയും പ്രക്ഷോഭവുമാണ്‌ പദ്ധതിയെ വീണ്ടും ജനശ്രദ്ധയിലേക്ക്‌ കൊണ്ടുവന്നത്‌. ‌ പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ആദ്യബജറ്റിൽ തന്നെ ഇതിനായി തുക വകകൊള്ളിച്ചു. നടത്തിപ്പ്‌ റെയിൽവേ ഏറ്റെടുക്കണം പാതയുടെ നടത്തിപ്പും പരിപാലനവും റെയിൽവേതന്നെ നിർവഹിക്കണമെന്ന വ്യവസ്ഥയോടെയാണ് പകുതി ചെലവു വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴിയും നടപ്പാക്കാം. ഇതുവഴി ലഭിക്കുന്ന വരുമാനത്തിൽ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയിൽവേയും പങ്കിടണം. ഈ പാത കൊല്ലം  ജില്ലയിലെ പുനലൂർവരെ ദീർഘിപ്പിച്ചാൽ പിന്നീട്‌ തമിഴ്നാട്ടിലേക്ക് നീട്ടാൻ കഴിയും.   Read on deshabhimani.com

Related News