സബർബെൻ മുമ്പ്‌ റെയിൽവേ തള്ളിയത്‌



തിരുവനന്തപുരം > സിൽവർ ലൈനിന്‌ ബദലെന്ന്‌ പ്രചരിപ്പിക്കുന്ന സബർബെൻ അപ്രായോഗികമെന്നുകണ്ട്‌ റെയിൽ മന്ത്രാലയം തള്ളിയ പദ്ധതി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യുഡിഎഫ്‌ സർക്കാർ മുന്നോട്ടുവച്ചതാണ്‌ സബർബെൻ പദ്ധതി‌. തിരുവനന്തപുരം –- ചെങ്ങന്നൂർ സെക്‌ഷനിൽ തുടങ്ങാമെന്നായിരുന്നു നിർദേശം. നിലവിലുള്ള പാതയിൽ ഓട്ടോമാറ്റിക്‌ സിഗ്നലിങ്‌ സംവിധാനം ഏർപ്പെടുത്താനാണ്‌ ഉദ്ദേശിച്ചത്‌. എന്നാൽ, നിലവിലുള്ള പാതയിൽ ദീർഘദൂര വണ്ടികൾക്ക്‌ പ്രാമുഖ്യം എന്നായിരുന്നു റെയിൽവേ നിലപാട്‌. ഹ്രസ്വദൂര യാത്രക്കാർക്കായി രണ്ട്‌ പുതിയ റെയിൽപാത സംസ്ഥാനത്തിന്റെ മുൻകൈയിൽ നടപ്പാക്കാനും റെയിൽവേ നിർദേശിച്ചു. നിലവിലുള്ള റെയിൽവേ ലൈനിലെ സിഗ്നലുകൾ ആധുനികവൽക്കരിച്ച് പദ്ധതി നടപ്പാക്കാമെന്ന്‌ ഉമ്മൻചാണ്ടി അവകാശപ്പെട്ടു. ഇരട്ടപ്പാത പൂർത്തിയായ ചെങ്ങന്നൂർവരെയുള്ള 125 കിലോമീറ്ററിന് 1200 കോടി രൂപയും 600 കിലോമീറ്ററിന് മൊത്തം 12,000 കോടി രൂപ ചെലവും പ്രഖ്യാപിച്ചു. സിഗ്നൽ സംവിധാനത്തിന്റെ നവീകരണം കൊണ്ടുമാത്രം ട്രെയിനുകളുടെ വേഗം ഉയർത്താനാകില്ലെന്ന വസ്‌തുത മറച്ചുവച്ചായിരുന്നു പദ്ധതി പ്രഖ്യാപനം. കേരളത്തിൽ നിലവിലുള്ള അബ്‌സൊല്യൂട്ട്‌ ബ്ലോക്ക്‌ സിഗ്നലിങ്‌ സംവിധാനപ്രകാരം രണ്ടു സ്‌റ്റേഷനിടയിലുള്ള ഒരു ബ്ലോക്ക്‌ സെക്‌ഷനിൽ ഒരു തീവണ്ടി മാത്രമാണ്‌ ഓടിക്കുന്നത്‌. ഓട്ടോമാറ്റിക്‌ സിഗ്നലിങ്‌ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ ഒരു ബ്ലോക്ക്‌ സെക്‌ഷനിൽ കൂടുതൽ ട്രെയിൻ ഓടിക്കാനാകും. പക്ഷേ, അവയുടെ വേഗം കൂട്ടാനാകില്ല.   Read on deshabhimani.com

Related News