റബർ കർഷകർക്ക്‌ ആശ്വാസം ; സബ്‌സിഡിക്ക്‌ 600 കോടി



കോട്ടയം റബർ കർഷകർക്ക്‌ നൽകുന്ന സബ്‌സിഡിക്കുള്ള ബജറ്റ്‌ വിഹിതം 600 കോടി രൂപയായി ഉയർത്തിയത്‌ മേഖലക്ക്‌ ആശ്വാസം പകരുന്ന പ്രഖ്യാപനമായി. കഴിഞ്ഞവർഷം നവംബർ മുതൽ വില പിന്നോട്ടുപോകുന്ന റബറിനെ താങ്ങിനിർത്താൻ സബ്‌സിഡി വഴി സാധിക്കും. മുൻ വർഷങ്ങളേക്കാൾ 100 കോടി രൂപ അധികമാണ്‌ ഇത്തവണ സബ്‌സിഡിക്കായി നീക്കിവച്ചത്‌. റബറിന്‌ എൽഡിഎഫ്‌ സർക്കാർ കിലോക്ക്‌ 170 രൂപ താങ്ങുവില നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിപണിവില ഇതിൽ കുറവായാൽ ബാക്കി തുക റബർ പ്രൊഡക്‌ഷൻ ഇൻസന്റീവ്‌ സ്‌കീമിലൂടെ കർഷകർക്ക്‌ സബ്‌സിഡിയായി നൽകുന്നതാണ്‌ പദ്ധതി. ഏറ്റവും കുറഞ്ഞത്‌ 170 രൂപ കിലോക്ക്‌ ലഭ്യമാകുന്നുണ്ടെന്ന്‌ ഉറപ്പാക്കാനാണിത്‌. പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ആറ്‌ ലക്ഷത്തിലധികം കർഷകർക്ക്‌ ഇതിന്റെ ഗുണം ലഭിക്കും. കേന്ദ്ര സർക്കാരിന്റെ നയങ്ങളും റബർ ബോർഡിനോടുള്ള അവഗണനയും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം റബറിന്‌ ദിനംപ്രതി വില കുറഞ്ഞുവരികയാണ്‌. ഈ സാഹചര്യത്തിൽ സബ്‌സിഡി മാത്രമാകും കർഷകർക്ക്‌ ന്യായമായ വില ലഭിക്കാൻ സഹായകമാകുക. Read on deshabhimani.com

Related News