ആർഎസ്‌എസ്‌ കലാപനീക്കം പൊലീസ്‌ പൊളിച്ചു



തിരുവനന്തപുരം കേരളത്തിൽ വർഗീയകലാപമുണ്ടാക്കാൻ ആർഎസ്‌എസ്‌ നടത്തിയ രഹസ്യനീക്കം പൊളിച്ച്‌ പൊലീസ്‌. ബുധനാഴ്‌ച സംസ്ഥാനത്തെ 142 കേന്ദ്രത്തിൽ ആയുധമേന്തി പ്രകടനം നടത്താനായിരുന്നു ആർഎസ്‌എസ്‌ പദ്ധതി. എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ പ്രകോപനമുണ്ടാക്കി വർഗീയ സംഘർഷം സൃഷ്ടിക്കാനും കോപ്പുകൂട്ടി. എസ്‌ഡിപിഐയും പ്രത്യാക്രമണത്തിന്‌ തയ്യാറായി. എന്നാൽ, കലാപനീക്കം ഇന്റലിജൻസിന്‌ ലഭിച്ചതോടെ ആഭ്യന്തരവകുപ്പിന്‌ റിപ്പോർട്ട്‌ നൽകി. ചൊവ്വാഴ്‌ച ഉച്ചയോടെ പൊലീസ്‌ മേധാവി ജില്ലാ പൊലീസ്‌ മേധാവിമാർക്ക്‌  ജാഗ്രതാ നിർദേശം നൽകി. പ്രകടനം പൂർണമായും വീഡിയോയിൽ റെക്കോഡ്‌ ചെയ്യാൻ തീരുമാനിച്ചു. പ്രവർത്തകർ വരുന്ന വാഹനം നിരീക്ഷിക്കാനും നിർദേശിച്ചു. നിയമം ലംഘിച്ചാൽ മതസ്‌പർധ വളർത്തൽ അടക്കമുള്ള കേസെടുക്കാനും നിർദേശം നൽകി. കർശനമായി നേരിടുമെന്ന്‌ നേതാക്കളെ  പൊലീസ്‌ അറിയിച്ചു. ദൃശ്യമാധ്യമം, സേഷ്യൽ മീഡിയ എന്നിവയിലൂടെ പൊലീസിന്റെ ജാഗ്രതാ നിർദേശവും പുറത്തുവന്നു. അതോടെ ആർഎസ്‌എസും അവസരം കാത്തിരുന്ന എസ്‌ഡിപിഐയും പിന്മാറുകയായിരുന്നു. കോഴിക്കോട്‌ കുറ്റ്യാടി, എറണാകുളം പെരുമ്പാവൂർ, ബിനാനിപുരം എന്നിവിടങ്ങളിൽ നേരിയ സംഘർഷമുണ്ടായെങ്കിലും പൊലീസ്‌ അവസരോചിതമായി ഇടപെട്ടു. ഇതോടെ കേരളത്തെ വർഗീയമായി ചേരിതിരിക്കാനുള്ള മത തീവ്രവാദ സംഘടനകളുടെ ഗൂഢപദ്ധതിയാണ്‌ തകർത്തത്‌. Read on deshabhimani.com

Related News