കലാപത്തിന്‌ കോപ്പുകൂട്ടി ആർഎസ്‌എസ്‌ ; 142 കേന്ദ്രത്തിൽ ഇന്ന് ആയുധമേന്തി പ്രകടനം



  തിരുവനന്തപുരം സംസ്ഥാനത്ത്‌ വർഗീയകലാപത്തിന്‌ ആർഎസ്‌എസും എസ്‌ഡിപിഐയും കോപ്പ്‌ കൂട്ടുന്നതായി ഇന്റലിജൻസ്‌ റിപ്പോർട്ട്‌. എസ്‌ഡിപിഐ ശക്തികേന്ദ്രങ്ങളിലുൾപ്പെടെ ബുധനാഴ്‌ച ദണ്ഡും കമ്പിവടിയുമായി ശക്തിപ്രകടനം നടത്താനാണ്‌ ആർഎസ്‌എസ്‌ നീക്കം. വാർത്ത പുറത്തായതോടെ, പ്രശ്‌നം ഉണ്ടായാൽ നേരിടാൻ എസ്‌ഡിപിഐയും ഒരുക്കം തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. കലാപത്തിനുള്ള ഏതൊരു ശ്രമവും ശക്തമായി നേരിടണമെന്ന്‌ ഡിജിപി പൊലീസ്‌ ജില്ലാ മേധാവികൾക്ക്‌ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആർഎസ്‌എസുകാർ വരുന്ന വാഹനങ്ങൾ മുഴുവൻ നിരീക്ഷിക്കും. പ്രകടനം കാമറയിലും പകർത്തും. 142 കേന്ദ്രത്തിൽ നടക്കുന്ന പരിപാടി രഹസ്യമായാണ്‌ ആസൂത്രണം ചെയ്‌തത്‌. സ്ഥലം, പങ്കെടുക്കുന്നവർ, നേതാവ്‌ എന്നിവ തീരുമാനിച്ചിട്ടുണ്ട്‌. ഈ വിവരമടക്കം പ്രകടനത്തിന്‌ മണിക്കൂർമുമ്പുമാത്രമേ താഴേതട്ടിലെത്തൂ. വിവരം കൈമാറാൻ സോഷ്യൽ മീഡിയ, ഫോൺ എന്നിവ ഉപയോഗിക്കുന്നില്ല. അപ്രതീക്ഷിത ശക്തിപ്രകടനത്തിലൂടെ എതിർചേരിയെ പ്രകോപിപ്പിക്കലാണ്‌ ലക്ഷ്യം. ചിലയിടങ്ങളിൽ പ്രകടനം സന്ധ്യവരെ വൈകിപ്പിക്കാനും നീക്കമുണ്ട്‌. ബിജെപി നേതാവ്‌ രഞ്ജിത്‌ ശ്രീനിവാസന്റെ കൊലപാതകം അവസരമാക്കിയെടുത്താണ്‌ ഈ നീക്കം. അടുത്ത ദിവസം പ്രകടനം നടത്താൻ എസ്‌ഡിപിഐയും തയ്യാറെടുക്കുന്നുണ്ട്‌. ഇത്‌ വർഗീയകലാപത്തിന്‌ വഴിവയ്‌ക്കുമെന്നാണ്‌ ഇന്റലിജൻസ്‌ കണ്ടെത്തൽ. ഇതോടെ അതീവജാഗ്രത പാലിക്കാൻ പൊലീസ്‌ മേധാവി ജില്ലാ പൊലീസ്‌ മേധാവിമാർക്ക്‌ നിർദേശം നൽകി. തൃശൂരിൽമാത്രം 22 കേന്ദ്രത്തിൽ പ്രകടനം നടത്താനാണ്‌ ആർഎസ്‌എസ്‌ പദ്ധതി. തിരുവനന്തപുരത്ത്‌ 21, പാലക്കാട്ട്‌ 19 ആലപ്പുഴയിൽ 12, മലപ്പുറത്ത്‌ ഏഴ്‌, കണ്ണൂരിൽ 11, കോഴിക്കോട്ട്‌ ഒമ്പത്‌ കേന്ദ്രങ്ങളിലുമാകും പ്രകടനം നടത്തുക.   Read on deshabhimani.com

Related News