തില്ലങ്കേരിയിൽ സഹപ്രവര്‍ത്തകനെ ആക്രമിച്ച 4 ആര്‍എസ്എസ്സുകാർക്കെതിരെ 
വധശ്രമത്തിന് കേസ്



തില്ലങ്കേരി > സഹപ്രവര്‍ത്തകനെ ആക്രമിച്ച്‌ അവശനാക്കിയ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തു. പടിക്കച്ചാലിലെ ആർഎസ്‌എസ്‌ പ്രവർത്തകൻ പ്രേമരാജ (53) നെ മര്‍ദിച്ച പടിക്കച്ചാലിലെ സജീവ ആര്‍എസ്എസ്സുകാരായ നിധിന്‍, അശ്വന്ത് എന്ന അച്ചു, അഭിഷേക്, ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമമടക്കമുള്ള വകുപ്പുകള്‍ക്ക്‌ കേസെടുത്തത്. നിധിന്‍ ബോംബാക്രമണത്തിലടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇടുമ്പപാലത്തിന് സമീപം കാറില്‍ സഞ്ചരിക്കുന്ന പ്രമരാജനെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് എത്തിയ  പ്രതികള്‍ കാറില്‍നിന്ന് പിടിച്ചിറക്കുകയും മര്‍ദിച്ച് പ്രതികളുടെ വാഹനത്തിലേക്ക് കയറ്റി വീണ്ടും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് പടിക്കച്ചാല്‍ നെല്യാട്ടേരി ഗ്രൗണ്ടില്‍ ഇറക്കി കമ്പിവടി, സ്റ്റീല്‍വള, കല്ല് എന്നിവ ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു. കമ്പിവടികൊണ്ടുള്ള അടി നേരിട്ട് തലയ്ക്ക് കൊണ്ടിരുന്നെങ്കില്‍ മരണംവരെ സംഭവിക്കുമായിരുന്നെന്ന് പോലീസ് എഫ്ഐആറില്‍ പറയുന്നു.  തലക്കും കണ്ണിനും പരിക്കേറ്റ പ്രേമരാജനെ നാട്ടുകാര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന്‌ പിന്നിലെന്ന് മുഴക്കുന്ന് പൊലീസ് പറഞ്ഞു. സഹപ്രവര്‍ത്തകനെ ആക്രമിച്ചതിൽ ആര്‍എസ്എസ്സുകാർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. Read on deshabhimani.com

Related News