എസ‌്ഡിപിഐ- ആർഎസ‌്എസ‌്‌ ഏറ്റുമുട്ടൽ: പ്രകടമായത‌് വർഗീയ 
രാഷ‌്ട്രീയ ഭീകരമുഖം



ചേർത്തല > ആർഎസ‌്എസ‌് - എസ‌്ഡിപിഐ വർഗീയ രാഷ‌്ട്രീയത്തിന്റെ ഭീകരമുഖം മറനീക്കി തെരുവിൽ ആക്രമണോത്സുകമായതിന്റെ ദുരന്തഫലമാണ‌് വയലാറിൽ യുവാവിന്റെ ജീവനെടുത്തതും നിരവധിപേർക്ക‌് മാരക പരിക്കേറ്റതും. മതപരമായ ചേരിതിരിവ‌് ശക്തിപ്പെടുത്താനുള്ള ഇരുകൂട്ടരുടെയും ആസൂത്രണമാണ‌് സംഭവമെന്നതും വ്യക്തം. വർഗീയതയുടെ ഗൂഢനീക്കം പരാജയപ്പെടുത്തുന്നതിന‌് പൊലീസും ജില്ലാ ഭരണകേന്ദ്രവും സർക്കാരും കരുതലോടെ ശക്തമായ നടപടിയാണ‌് സ്വീകരിക്കുന്നത‌്.   എസ‌്ഡിപിഐ വർഗീയ പ്രചാരണജാഥ വയലാറിൽ എത്തിയതോടെയാണ‌് സംഭവങ്ങൾക്ക‌് തുടക്കം. ആർഎസ‌്എസിനും നേതൃത്വത്തിനുമെതിരെ അതിരൂക്ഷമായ ഭാഷയിലുള്ള ജാഥയിലെ പ്രസംഗം വർഗീയ രാഷ‌്ട്രീയത്തിന്റെ മറുപുറം പ്രകടമാക്കുകയുംചെയ‌്തു. ഇതോടെയാണ‌് ആർഎസ‌്എസ‌് പ്രകോപിതരായതും മുതലെടുപ്പിന‌് അവസരമാക്കിയതും. ജാഥയ‌്ക്കുനേരെ ആർഎസ‌്എ‌്സ‌് പ്രവർത്തകർ രംഗത്ത‌് എത്തിയതോടെ വാക്കേറ്റമായി. തൽക്കാലം ഇരുകൂട്ടരും പിരിഞ്ഞുപോയെങ്കിലും വൈകിട്ട‌് തെരുവിൽ സംഘർഷത്തിന‌് ഇരുകൂട്ടരും തയ്യാറെടുത്ത‌് എത്തിയതോടെ ഏറ്റുമുട്ടലായി. ഇരുകൂട്ടരുടെയും പ്രകടനം ശാന്തമായി അവസാനിപ്പിക്കാൻ പൊലീസിനായി.    എന്നാൽ ഇരുകൂട്ടരും മുൻകൂട്ടി ആസൂത്രണംചെയ‌്ത്‌ പരസ‌്പരം ഏറ്റുമുട്ടി. ആർഎസ‌്എസ‌് ദണ്ഡയുൾപ്പെടെ ആയുധങ്ങളുമായും എസ‌്ഡിപിഐ കൊടുവാൾ തുടങ്ങിയ മാരകായുധങ്ങളുമായാണ‌് തെരുവിൽ ഏറ്റുമുട്ടിയത‌്. ഇരുപക്ഷവും പരസ‌്പരം കല്ലെറിയുകയുംചെയ‌്തു. മറ്റിടങ്ങളിൽനിന്ന‌് എത്തിയ എസ‌്ഡിപിഐക്കാർ വാഹനങ്ങളിലാണ‌് മാരകായുധങ്ങൾ സൂക്ഷിച്ചത‌്. വെട്ടിക്കൊല്ലാൻ പ്രത്യേക പരിശീലനം സിദ്ധിച്ചവർ കൃത്യമായി ആയുധം പ്രയോഗിച്ചു. കഴുത്തിനേറ്റ ഒറ്റവെട്ടിന‌് ആർഎസ‌്എസ‌് ശാഖ ഗഡനായകൻ നന്ദുവാണ‌് മരിച്ചത‌്. മുഖ്യശിക്ഷക‌് നന്ദുവിന്റെ കൈയറ്റു. മറുപക്ഷത്തെ ഏതാനുംപേർക്ക‌് പരിക്കേൽക്കുകയുംചെയ‌്തു.    മതവിദ്വേഷത്തിലൂന്നിയ രാഷ‌്ട്രീയ പ്രചാരണമാണ‌് പരസ‌്പരം ഏറ്റുമുട്ടലിലേക്കും കൊലയിലേക്കും നയിച്ചത‌്. ഒരുകൂട്ടരുടെ വിദ്വേഷ പ്രചാരണത്തിനുമെതിരെ മറുപക്ഷം നേർക്കുനേർ എത്തിയതാണ‌് ദാരുണ കൊലയിലേക്കും വയലാർ ഗ്രാമത്തെ ഞെട്ടിച്ച തെരുവുയുദ്ധത്തിലേക്കും നയിച്ചത‌്. ഇരുപക്ഷവും പ്രവർത്തകർക്ക‌് നൽകുന്ന പരിശീലനത്തിന്റെ പരീക്ഷണവേദി കൊലക്കളമായി. സംസ്ഥാനമാകെ വർഗീയ ചേരിതരിവ‌് രൂക്ഷമാക്കാനുള്ള പദ്ധതിയുടെ പ്രയോഗംകൂടിയാണ‌് ഇവിടെ ദൃശ്യമായത‌്. വ്യാഴാഴ‌്ച ചേർത്തല നഗരത്തിൽ ആർഎസ‌്എസ‌് നടത്തിയ ആക്രമണവും അതാണ‌് തെളിയിക്കുന്നത‌്. വർഗീയകലാപം സൃഷ‌്ടിക്കുക ലക്ഷ്യമാക്കി പ്രത്യേക വിഭാഗത്തിൽപ്പെട്ടവരുടെ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച‌് അടിച്ചുതകർക്കുകയും തീയിടുകയുമാണ‌് ആർഎസ‌്എസ‌് ചെയ‌്തത‌്. വയലാറിൽ കൊലപാതകം നടന്ന‌് മണിക്കൂറുകൾക്കകം പ്രധാന പ്രതികളെയടക്കം പിടികൂടിയ പൊലീസ‌് കലാപനീക്കത്തെ ചെറുക്കാനുള്ള സത്വര നടപടിയും തുടങ്ങി. ജില്ലാഭരണകൂടവും സർക്കാരും നിതാന്ത ജാഗ്രതയോടെയാണ‌് നടപടികൾ സ്വീകരിക്കുന്നത‌്.    ശാഖയിൽ വരാത്തതിന്റെ പ്രതികാരമായി പ്ലസ‌്ടു വിദ്യാർഥി അനന്തുവിനെ ആർഎസ‌്എസുകാർ തല്ലിക്കൊന്നത‌് ബുധനാഴ‌്ച ഏറ്റുമുട്ടൽ നടന്ന നാഗംകുളങ്ങര കവലയ‌്ക്ക‌് തൊട്ടടുത്താണ‌്. Read on deshabhimani.com

Related News