ആർഎസ്‌എസ്‌ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്നു: എം എ ബേബി



കോഴിക്കോട്‌> കേന്ദ്രഭരണമുപയോഗിച്ച്‌ ആർഎസ്‌എസ്‌ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ധന മൂലധന ശക്തികളും ഫാസിസ്റ്റ്‌ വർഗീയ ശക്തികളും കൈകോർക്കുന്നു. ‘ആർഎസ്‌എസ്‌ അജൻഡയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം കെ പി കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ആർഎസ്‌എസിന്‌ രാഷ്‌ട്രീയ അധികാരം കൂടി ലഭിച്ചതോടെ മാധ്യമങ്ങൾ അവരുടെ സേവകരാവാൻ മത്സരിക്കുകയാണ്‌. ആർഎസ്‌എസ്‌ തലവൻ മോഹൻ ഭഗവതിനെക്കൊണ്ട്‌ ഗാന്ധി ഓർമ എഴുതിക്കുന്നു. മതനിരപേക്ഷ നിലപാട്‌ ഉയർത്തിപ്പിടിച്ച  മാധ്യമങ്ങൾക്കുപോലും മാറ്റംവന്നു. മതേതര പുരോഗമന പ്രസ്ഥാനങ്ങൾക്ക്‌ ഇക്കാര്യത്തിൽ ഏറെ ആശങ്കയുണ്ട്‌. കോടതികളെ ചുമതല നിർവഹിക്കാനാവാത്ത വിധം ആർഎസ്‌എസ്‌ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്‌. ഭാവിയിൽ നീതിന്യായ തീവ്രവാദം എന്ന പ്രയോഗം ഉണ്ടായേക്കാം. പൗരത്വത്തിന്‌ മതം മാനദണ്ഡമാകരുതെന്ന്‌ ഭരണഘടനയിലുണ്ട്‌. അതിനെതിരായ നിയമനിർമാണം പുഴയിലെറിയാനുള്ള കടമ സുപ്രീംകോടതിക്കുണ്ട്‌. എന്നിട്ടും പൗരത്വ ഭേദഗതി വിഷയത്തിൽ തീരുമാനമെടുക്കാൻ ഭയക്കുകയാണ്‌. ബോധപൂർവം തെറ്റുകൾ പ്രചരിപ്പിക്കുന്നത്‌ സാമൂഹ്യവിരുദ്ധതയാണ്‌. സ്വർണക്കടത്ത്‌ വിഷയത്തിൽ യഥാർഥ പ്രശ്‌നങ്ങൾ ചർച്ചചെയ്യാതെ മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ അസംബന്ധങ്ങൾ പ്രചരിപ്പിക്കുകയാണ്‌.  സമൂഹം ആവശ്യപ്പെടുന്ന ചരിത്രപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ അത്‌ ഉൾക്കൊണ്ട്‌ തിരുത്താൻ അവർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News