ഉത്തരവിന്‌ കാക്കേണ്ട; അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കണം: മന്ത്രി റോഷി



തിരുവനന്തപുരം > സംഭരണശേഷിയോട് അടുത്ത ഡാമുകളിൽ ഷട്ടർ തുറന്ന്‌ ജലനിരപ്പ് നിയന്ത്രിച്ച്‌ നിർത്തണമെന്ന്‌ ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. മഴക്കാല ദുരിതങ്ങളുമായി ബന്ധപ്പെട്ട് അടിയന്തര പ്രാധാന്യമുള്ള ഇടപെടലുകൾക്ക് മേലുദ്യോഗസ്ഥരുടെ ഉത്തരവ് കാത്തുനിൽക്കാതെ ഇടപെടണമെന്നും നിർദേശിച്ചു. മഴക്കാലപൂർവ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംഭരണശേഷിയുടെ 80 ശതമാനമായ നെയ്യാർ ഡാം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണം. മലങ്കര ഡാമിലെ ജലനിരപ്പും നിയന്ത്രിക്കണം. മീങ്കര ഡാമിൽ ഇതിനകം നീല മുന്നറിയിപ്പ്‌ നൽകി. ഇവിടെ 72 ശതമാനം വെള്ളമുണ്ട്‌. മറ്റുള്ള ഡാമുകളിലെല്ലാം 20 മുതൽ 65 ശതമാനംവരെയാണ് നിലവിലുള്ള വെള്ളത്തിന്റെ അളവ്. അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരോട് ദിവസവും വെള്ളത്തിന്റെ അളവിനെക്കുറിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചു. നദികളിൽ അടിഞ്ഞുകൂടിയ എക്കൽ മാറ്റുന്ന പ്രവൃത്തി ഊർജിതമായി പുരോഗമിക്കുകയാണ്. 14 നദികളിൽ നൂറുശതമാനം പ്രവൃത്തിയും പൂർത്തിയായി. ഒരാഴ്ചയ്ക്കുള്ളിൽ ഏഴു നദികളിൽനിന്നുകൂടി എക്കൽ പൂർണമായി നീക്കം ചെയ്യും. മറ്റു നദികളിൽനിന്ന്‌ അടുത്ത പത്ത്‌ ദിവസത്തിനുള്ളിലും. ഇതോടെ ഒഴുക്ക് സുഗമമാകുമെന്നും അതുവഴി വെള്ളപ്പൊക്കം ഒരു പരിധിവരെ തടയാനുമാകും. ഇക്കാര്യത്തിൽ അലംഭാവം പാടില്ല. മഴക്കാലം നേരിടാൻ അനുവദിച്ചിട്ടുള്ള 6.6 കോടിയും കടലാക്രമണ സംരക്ഷണത്തിന്‌ അനുവദിച്ചിരിക്കുന്ന തുകയും കൃത്യമായി ചെവഴിക്കണം. വെള്ളക്കെട്ടുണ്ടായ മേഖലകളിലെ തടസ്സം നീക്കംചെയ്യാൻ നടപടി സ്വീകരിക്കണം. ഇതിനായി മുനിസിപ്പാലിറ്റികളെയും പഞ്ചായത്തുകളെയും ആവശ്യമെങ്കിൽ സഹകരിപ്പിക്കണം. മൺസൂൺ സമയത്ത് ഫോണിലൂടെ ലഭിക്കുന്ന പരാതി പരിഹരിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു. Read on deshabhimani.com

Related News