ടാറിങ്‌ തൊഴിലാളിയെ ആക്രമിച്ചത്‌ വധശ്രമക്കേസ്‌ പ്രതി

പ്രതീകാത്മക ചിത്രം


വൈറ്റില കടവന്ത്ര ചിലവന്നൂരിൽ റോഡിൽ അറ്റകുറ്റപ്പണിക്കിടെ ടാറിങ്‌ തൊഴിലാളി കൃഷ്ണപ്പയെ ആക്രമിച്ച സംഘത്തിലെ പ്രതി ചിറമേൽപ്പറമ്പിൽ വിനോദ് വർഗീസ്‌ വധശ്രമക്കേസിൽ പ്രതി. യുവമോർച്ച ജില്ലാ ഭാരവാഹിയായ ഇയാൾ, സിപിഐ എം ചിലവന്നൂർ നോർത്ത് ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്ന സി കെ പ്രസാദിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുമാണ്. വിനോദിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘമാണ് 2009ൽ സി കെ പ്രസാദിനെ ആക്രമിച്ചത്‌. രാത്രി ചുവരെഴുത്ത് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രസാദിനെ ബൈക്കിലെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതിനുശേഷം ഒളിവിൽ പോയ ഇവർ മുൻകൂർ ജാമ്യം ലഭിച്ചശേഷമാണ് തിരികെ എത്തിയത്. വിനോദിനെതിരെ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. വ്യാഴം വൈകിട്ട്‌ ചിലവന്നൂർ വാട്ടർലാൻഡ് റോഡിലാണ്‌ കാർയാത്രക്കാർ ടാറിങ്‌ തൊഴിലാളികളെ ആക്രമിച്ചത്‌. തൊഴിലാളികൾ യാത്രികരുടെ ദേഹത്ത് ടാർ ഒഴിച്ചെന്ന പരാതി ഉയർന്നെങ്കിലും ആക്രമിച്ചത്‌ കാർയാത്രക്കാരാണെന്ന്‌ തെളിയിക്കുന്ന സിസിടിവി ദൃശ്യം പിന്നീട്‌ പുറത്തുവന്നു. സംഭവത്തിൽ വിനോദ്‌ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്‌. Read on deshabhimani.com

Related News