കെപിസിസി പുനഃസംഘടനാ പട്ടിക മടക്കി



തിരുവനന്തപുരം> കെപിസിസി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിനുള്ള റിട്ടേണിങ്‌ ഓഫീസർ ജി പരമേശ്വര മടക്കി. വനിതകൾ, പട്ടികജാതി പട്ടിക വിഭാഗക്കാർ, യുവാക്കൾ എന്നിവർക്ക്‌ മതിയായ പ്രാതിനിധ്യം നൽകാതെ, 280 അംഗങ്ങളുടെ തട്ടിക്കൂട്ട്‌ പട്ടികയാണ്‌ കെപിസിസി നൽകിയതെന്ന പരാതിയെത്തുടർന്നാണ്‌ പട്ടിക തിരിച്ച്‌ നൽകിയത്‌. ചിന്തൻശിബിരത്തിലെ തീരുമാനങ്ങൾ പാലിച്ചില്ലെന്ന്‌ ടി എൻ പ്രതാപൻ എംപി അടക്കം പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പട്ടിക തിരികെ വാങ്ങിയെന്നാണ്‌ കെപിസിസി വിശദീകരണം. ഗ്രൂപ്പ്‌ നേതൃത്വങ്ങളുമായുണ്ടാക്കിയ ധാരണപ്രകാരമുള്ള പട്ടികയാണ്‌ നൽകിയത്‌. വർഷങ്ങളായി ഭാരവാഹികളായി തുടരുന്നവരും അച്ചടക്ക ലംഘനത്തിന്‌ നടപടി നേരിട്ടവരും ക്രിമിനൽ കേസ്‌ പ്രതികളുംവരെ പട്ടികയിലുണ്ടെന്നാണ്‌ ആരോപണം. ഒരു നിയോജകമണ്ഡലത്തിൽനിന്ന്‌ രണ്ടു പേരെ വീതമാണ്‌ ഉൾപ്പെടുത്തിയത്‌. മരിച്ചവരെയും പാർടി വിട്ടവരെയും ഒഴിവാക്കി. പകരം 46 പേരെ  ഉൾപ്പെടുത്തി. ഇത്‌ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ മുതിർന്ന നേതാക്കൾ പങ്കിടുകയായിരുന്നു. 280 അംഗ പട്ടികയിൽ ആകെ മൂന്നു വനിതകൾ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഭൂരിപക്ഷം പേരും 60 പിന്നിട്ടവരുമായിരുന്നു. നേതാക്കൾ കൂടിയാലോചിച്ച്‌ പുതിയ പട്ടിക നൽകാനാണ്‌ കെപിസിസിയുടെ ശ്രമം. Read on deshabhimani.com

Related News