ആന്റിജൻ ഫലം നെഗറ്റീവായാലും പിസിആർ ടെസ്റ്റ് നടത്തണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്ത്



ന്യൂഡൽഹി > കോവിഡ് 19 രോഗലക്ഷണമുള്ളവർക്ക് പിസിആർ പരിശോധന നിർബന്ധമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആന്റിജൻ പരിശോധനാഫലം നെഗറ്റീവ് ആയാലും പിസിആർ ടെസ്റ്റ് നടത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ സൂചിപ്പിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ പരിശോധനയിലാണ് കേന്ദ്രസർക്കാർ നിബന്ധന കർശനമാക്കിയത്. രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാൻ രണ്ടാമതും ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്. മാത്രമല്ല, നേരത്തെ രോഗികളെ കണ്ടെത്തുന്നതിനും ഐസൊലേറ്റ് ചെയ്യുന്നതിനും ഇത് ഉപകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തിൽ വ്യക്തമാക്കുന്നു. രാജ്യത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തിന് അടുത്ത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95,735 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. 1172 പേർക്ക് ഇന്നലെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു.   Read on deshabhimani.com

Related News