പ്രവാസികളുടെ പുനരധിവാസത്തിന്‌ 2000 കോടിയുടെ പുതിയ പാക്കേജ്‌ : മുഖ്യമന്ത്രി



തിരുവനന്തപുരം പ്രവാസികളുടെ പുനരധിവാസത്തിന്‌  2,000 കോടിയുടെ പാക്കേജ്‌ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം നടപ്പാക്കിയ പദ്ധതികൾക്ക് പുറമെയാണിത്‌. സമഗ്രമായ പദ്ധതിരേഖ  ഉടൻ കേന്ദ്രത്തിനു സമർപ്പിക്കും. കോവിഡില്‍ 12.67 ലക്ഷം പ്രവാസി മലയാളികള്‍ക്കാണ്‌ തൊഴിൽ നഷ്ടപ്പെട്ടത്‌. ഇവർ നേരിടുന്ന ജപ്തി ഭീഷണിയും വായ്പ അനുവദിക്കുന്നതിൽ അനുഭാവ സമീപനത്തിന്റെ ആവശ്യവും സംസ്ഥാന ബാങ്കേഴ്‌സ് സമിതിയിൽ ഉന്നയിക്കും. കോവിഡ് –-19 ജാഗ്രതാ പോർട്ടൽ പ്രകാരം 26 വരെ 17,51,852 പ്രവാസികളാണ് തിരികെയെത്തിയത്‌. എയർപോർട്ട് അതോറിറ്റിയുടെ കണക്കിൽ 17 മാസത്തിനിടെ  കേരളത്തിലെ വിമാനത്താവളങ്ങൾ വഴി 39,55,230 പേർ വിദേശങ്ങളിലേക്ക് പോയിട്ടുണ്ട്. ആഗ്രഹിച്ചവരിൽ ഭൂരിഭാഗവും തിരിച്ചുപോയി എന്നാണിത് കാണിക്കുന്നത്‌. തിരികെപോകാൻ സാധിക്കാത്തവർക്ക് വിവിധ പദ്ധതിയിലായി ധനസഹായം നൽകി. തൊഴിൽ സംരംഭക പദ്ധതികൾക്കായി _ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ,  സഹകരണ സ്ഥാപനങ്ങൾ, പ്രവാസി _കോ–--ഓപ്പറേറ്റീവ് _സൊസൈറ്റികൾ, കെഎസ്‌ഐഡിസി എന്നിവ _മുഖേന സബ്‌സിഡിയോടെ വായ്പകൾ നൽകുന്നു. "നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻസ്'  വിപുലീകരിച്ച്‌  പദ്ധതി വിഹിതം  24.4 കോടിയാക്കി വർധിപ്പിച്ചു.   പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിദേശ റിക്രൂട്ടിങ് സംവിധാനം ശക്തമാക്കും. മടങ്ങിവന്ന പ്രവാസികൾ സർക്കാർ രേഖകൾക്ക് അപേക്ഷിച്ചാൽ 15 ദിവസത്തിനകം  ലഭ്യമാക്കും. വിദേശത്തുനിന്ന്  ആനുകൂല്യങ്ങൾ ലഭിക്കാനുള്ളവരുടെ കാര്യം  എംബസികളുടെയും വിദേശ മന്ത്രാലയങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News