വൈദ്യുതി വാങ്ങൽ; റദ്ദാക്കിയവയ്‌ക്കുപകരം കരാറുണ്ടാകില്ല



തിരുവനന്തപുരം > റഗുലേറ്ററി കമീഷൻ റദ്ദാക്കിയ നാല്‌ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്കുപകരം തൽക്കാലം പുതിയവയുണ്ടാകില്ലെന്ന്‌ കെഎസ്‌ഇബി. ഇതിനുള്ള അവസരം നൽകിയാണ്‌ 75 ദിവസത്തേക്കുകൂടി പഴയ കരാർ പ്രകാരം വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമീഷൻ കെഎസ്‌ഇബിക്ക്‌ അനുമതി നൽകിയത്‌. 2014ൽ യുഡിഎഫ്‌ കാലത്ത്‌ താപവൈദ്യുതി വാങ്ങാനുണ്ടാക്കിയ നാല്‌ ദീർഘകാല കരാറുകളാണ്‌ കേന്ദ്ര നിയമങ്ങൾക്ക്‌ അനുസൃതമല്ലെന്ന്‌ കണ്ടെത്തി റദ്ദാക്കിയത്‌. 4.50 രൂപ നിരക്കിൽ 465 മെഗാവാട്ടാണ്‌ പ്രതിദിനം  വാങ്ങിക്കൊണ്ടിരുന്നത്‌. അന്ന്‌ യൂണിറ്റിന്‌ 4.50 രൂപ കൂടുതലായിരുന്നെങ്കിലും ഇന്ന്‌ ഏഴ്‌ രൂപയിലേറെ നൽകിയാലേ കമ്പനികൾ പുതിയ കരാറിന്‌ തയ്യാറാകൂ. ഇത്‌ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഇതോടെ കരാർ റദ്ദാക്കേണ്ടത്‌ വൈദ്യുതി കമ്പനികളുടെകൂടി ആവശ്യമായി.  റെഗുലേറ്ററി കമീഷൻ ഉത്തരവിനെതിരെ അപ്പലേറ്റ്‌ ട്രിബ്യൂണലിൽ കെഎസ്‌ഇബി ഹർജി നൽകിയിട്ടുണ്ട്‌. കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നാണ്‌ ട്രിബ്യൂണലിൽ റഗുലേറ്ററി കമീഷൻ അഭിഭാഷകൻ വാദിച്ചത്‌. കഴിഞ്ഞദിവസം വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി റഗുലേറ്ററി കമീഷനെ കെഎസ്‌ഇബി വീണ്ടും സമീപിച്ചപ്പോൾ അത്‌ അംഗീകരിച്ച്‌ 75 ദിവസത്തേക്ക്‌ പഴയ കരാർ തുടരാൻ അനുവദിച്ചു. അതിനാൽ ട്രിബ്യൂണൽ ഹർജി പരിഗണിക്കുമ്പോൾ തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്‌ കെഎസ്‌ഇബി. ലോഡ്‌ ഷെഡിങ്ങിലേക്ക്‌ പോകേണ്ട സാഹചര്യം ഉണ്ടായാൽ മാത്രമേ അധികവിലയ്‌ക്ക്‌ വൈദ്യുതി വങ്ങൂ. Read on deshabhimani.com

Related News