ഇബ്രാഹിംകുഞ്ഞിനെതിരെ 
വിമതപക്ഷം പരാതി നൽകി



കൊച്ചി പാലാരിവട്ടം പാലം അഴിമതിക്കേസിലെ അഞ്ചാംപ്രതി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ എറണാകുളത്ത്‌ പടയൊരുക്കം ശക്തമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാർഥിയാക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌  ജില്ലാ കമ്മിറ്റിയിലെ അഹമ്മദ്‌ കബീർ ഗ്രൂപ്പിൽപ്പെട്ട 10 നേതാക്കൾ ലീഗ്‌ നേതൃത്വത്തിന്‌ നിവേദനം നൽകി.   ഇബ്രാഹിംകുഞ്ഞോ ലീഗ്‌ ജില്ലാ സെക്രട്ടറികൂടിയായ അദ്ദേഹത്തിന്റെ മകനോ സ്ഥാനാർഥിയായാൽ എതിരെ മത്സരിക്കുമെന്ന്‌ ജില്ലാ കമ്മിറ്റിയിലെ ഇബ്രാഹിംകുഞ്ഞ്‌ വിരുദ്ധ വിഭാഗം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്‌. പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിലായിരുന്ന ഇബ്രാഹിംകുഞ്ഞ്‌ കളമശേരിയിൽ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. നേതൃത്വം അനുമതി നൽകിയില്ലെങ്കിൽ മകൻ വി ഐ  അബ്‌ദുൾഗഫൂറിനെ മത്സരിപ്പിക്കാനാണ്‌ നീക്കം.  ജാമ്യത്തിലിറങ്ങിയ ഇബ്രാഹിംകുഞ്ഞ്‌ നേതൃത്വവുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്‌തു. കളമശേരിയിലോ ജില്ലയിലെ മറ്റേതെങ്കിലും സീറ്റിലോ മത്സരിക്കാനുള്ള താൽപ്പര്യമാണ്‌ അറിയിച്ചത്‌. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ എതിർപ്പ്‌ പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്‌  വിരുദ്ധചേരിയിലെ  നേതാക്കൾ നിവേദനം നൽകിയത്‌. ലീഗ്‌ മുഖപത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ച കേസിലും ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടക്കുന്നുണ്ട്‌. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ്‌ പത്രത്തിന്റെ വരിസംഖ്യ എന്നപേരിൽ ബാങ്കിലിട്ടതെന്നാണ്‌ പരാതി. കണക്കിൽപ്പെടാത്ത പണത്തിന്‌ പിന്നീട്‌ പിഴയൊടുക്കിയതിന്റെ രേഖകൾ വിജിലൻസ്‌ കണ്ടെടുത്തിരുന്നു. Read on deshabhimani.com

Related News