രഞ്ജിത് വധം: പ്രതികൾക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകരെ കണ്ടെത്താൻ കോടതി സമയം അനുവദിച്ചു



കൊച്ചി > ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഹാജരാകുന്ന, പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതിപരിസരത്ത് പൊലീസിനെ വിന്യസിക്കണമെന്ന് ഹൈക്കോടതി. വിചാരണസമയത്ത് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്ന്‌ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. പ്രതികൾക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകരെ കണ്ടെത്താൻ കോടതി സമയം അനുവദിച്ചു. ജനുവരി 16ന് തുടങ്ങാനിരുന്ന വിചാരണ ഒരുമാസം നീട്ടിവയ്‌ക്കാനും ജസ്‌റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു. കേസിലെ 15 പ്രതികൾ നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്. 2021 ഡിസംബർ പത്തൊമ്പതിനാണ് രഞ്ജിത് ശ്രീനിവാസനെ എസ്ഡിപിഐക്കാരായ പ്രവർത്തകർ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷാനിനെ കൊലപ്പെടുത്തിയതിന്‌ പ്രതികാരമായാണ്‌ രഞ്ജിത്തിനെ കൊന്നത്‌. രഞ്ജിത്ത്‌ ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്നതിനാൽ പ്രതികൾക്കുവേണ്ടി ഹാജരാകാന്‍ അവിടത്തെ അഭിഭാഷകർ തയ്യാറായില്ല. തുടർന്ന്‌ വിചാരണനടപടികൾ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, മാവേലിക്കര കോടതിയിലെ അഭിഭാഷകരും വിചാരണയുമായി സഹകരിക്കാത്തതിനാൽ കോട്ടയം സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന്‌ ഹർജിക്കാർ ആവശ്യപ്പെട്ടു. കേസിലെ മുഴുവൻ സാക്ഷികളും ആലപ്പുഴക്കാരായതിനാൽ വിചാരണക്കോടതി മാറ്റുന്നത് ഉചിതമല്ലെന്ന് വിലയിരുത്തി ഈ ആവശ്യം അനുവദിച്ചില്ല. Read on deshabhimani.com

Related News