ചെന്നിത്തലയുടെ വോട്ടുമാറ്റം; സ്ഥിരതാമസ സർട്ടിഫിക്കറ്റ് നേടിയത്‌ ചട്ടവിരുദ്ധമായി



ആലപ്പുഴ > പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും ഹരിപ്പാട് മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ പേരുചേർക്കാൻ സ്ഥിരതാമസ സർട്ടിഫിക്കറ്റ് നേടിയത്‌ ചട്ടവിരുദ്ധമായെന്ന്‌ വിവരാവകാശ രേഖ. ചെന്നിത്തലയുടെ ക്യാമ്പ്‌ ഓഫീസ് പ്രവർത്തിക്കുന്ന ഹരിപ്പാട് നഗരസഭയിലെ 12/481 എന്ന നമ്പരിലെ വീട്ടിലെ സ്ഥിരതാമസക്കാരെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വോട്ടർപ്പട്ടികയിൽ പേരുചേർത്തത്. അപേക്ഷയിൽ വാടക കെട്ടിടത്തിൽ ചെന്നിത്തലയും കുടുംബവും എത്രനാളായി താസിക്കുന്നുവെന്ന്‌ രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ അഡ്വ. ആർ രാജേഷ്‌ വിവരാവകാശപ്രകാരം നൽകിയ അപേക്ഷയ്‌ക്കുള്ള മറുപടിയിൽ പറയുന്നു. കോൺഗ്രസ് ഭരിക്കുന്ന ഹരിപ്പാട് നഗരസഭ, ചെന്നിത്തലയുടെ കാര്യത്തിൽ ചട്ടം പാലിച്ചില്ലെന്ന ആക്ഷേപത്തിനിടെയാണ്‌ വിവരാവകാശ രേഖ പുറത്തുവന്നത്‌. സ്ഥിരതാമസ സർട്ടിഫിക്കറ്റിനുള്ള അന്വേഷണ റിപ്പോർട്ടിലും അപാകമുണ്ട്‌. ചെന്നിത്തല തൃപ്പെരുന്തുറയിലെ കുടുംബവീടായ കോട്ടൂർ കിഴക്കതിൽ സ്ഥിരതാമസക്കാരാണ്‌ രമേശ് ചെന്നിത്തല, ഭാര്യ അനിത, മക്കളായ ഡോ. രോഹിത്, രമിത്ത്, മരുമകൾ ശ്രീജ, അമ്മ ദേവകിയമ്മ എന്നിവർ. ചെങ്ങന്നൂർ മണ്ഡലത്തിലെ തൃപ്പെരുന്തുറ ഗവ. യുപി സ്‌കൂളിലെ 16–-ാം നമ്പർ ബൂത്തിലെ വോട്ടർമാരാണിവർ. വാടകവീടായാലും ആറു മാസമെങ്കിലും സ്ഥിരതാമസമുള്ളവർക്ക്‌ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാൻ തദ്ദേശ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് നൽകും. ഡിസംബർ 31നാണ് താമസ സർട്ടിഫിക്കറ്റിന്‌ ചെന്നിത്തല അപേക്ഷ നൽകിയത്. അന്വേഷണ റിപ്പോർട്ട്‌ നൽകേണ്ടത്‌ നഗരസഭാ റവന്യൂ ഇൻസ്‌പെക്‌ടറാണ്. അവധിയിലായ ഇദ്ദേഹത്തിനു‌ ‌പകരം യുഡി ക്ലർക്കാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയതെന്നും ഇയാൾ കോൺഗ്രസ്‌ അനുകൂല സംഘടനാംഗമാണെന്നും പറയുന്നു. ഡിവൈഎഫ്ഐ പരാതി നൽകി ഹരിപ്പാട്‌ > രമേശ് ചെന്നിത്തലയ്‌ക്കും കുടുംബത്തിനും ചട്ടവിരുദ്ധമായി നൽകിയ സ്ഥിരതാമസ സർട്ടിഫക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് ഡിവൈഎഫ്ഐ പരാതി നൽകി.‌ നിയമവിരുദ്ധമായി സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണം. താമസ സർട്ടിഫിക്കറ്റിന് നൽകിയ അപേക്ഷയിലും സർട്ടിഫിക്കറ്റിലും ഒരേ കൈയക്ഷരമാണെന്നും പരാതിയിലുണ്ട്‌. Read on deshabhimani.com

Related News