രാഷ്‌ട്രീയകാര്യസമിതിയിലും വാക്‌പ്പോര്‌ ; അയയാതെ ചെന്നിത്തലയും സതീശനും



തിരുവനന്തപുരം കെപിസിസി രാഷ്‌ട്രീയകാര്യസമിതിയിൽ രമേശ്‌ ചെന്നിത്തലയെ ഒറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഔദ്യോഗിക നേതൃത്വവും. ഡി ലിറ്റ്‌ വിവാദത്തിൽ രമേശ്‌ ചെന്നിത്തലയും സതീശനും സ്വന്തം നിലപാട്‌ യോഗത്തിലും ആവർത്തിച്ചെങ്കിലും പി ജെ കുര്യൻ ഒഴികെ ആരും ചെന്നിത്തലയെ പിന്തുണച്ചില്ല. ഡി ലിറ്റിൽ സർക്കാരും ഗവർണറും ഒത്തുകളിക്കുകയാണെന്നാണ്‌ സതീശന്റെ വാദം. എന്നാൽ, സർക്കാരിനെയും ഗവർണറെയും ഒരുപോലെ ഉന്നംവച്ചാണ്‌ താൻ ആരോപണം ഉന്നയിച്ചതെന്നും തന്റെ ചോദ്യങ്ങൾക്ക്‌ ഗവർണർ മറുപടി നൽകിയിട്ടില്ലെന്നും ചെന്നിത്തല വാദിച്ചു. ഗവർണർക്കെതിരെയുള്ള പരസ്യനിലപാടിൽനിന്ന്‌ മാറില്ലെന്ന്‌ സതീശൻ പറഞ്ഞു. ആരുടെയും അഭിപ്രായം വിലക്കൽ കോൺഗ്രസിൽ പതിവില്ലെന്ന്‌ സൂചിപ്പിച്ചാണ്‌ ചെന്നിത്തലയ്‌ക്ക്‌ ആശ്വാസം പകരാൻ പി ജെ കുര്യൻ തയ്യാറായത്‌. ആർക്കും അഭിപ്രായം പറയാം, എന്നാൽ പാർടി നിലപാട്‌ എടുത്താൽ അത്‌ അംഗീകരിക്കണം. ഡി ലിറ്റ്‌ പ്രശ്‌നത്തിൽ അതുണ്ടായിട്ടില്ലെന്നും കുര്യൻ പറഞ്ഞു. സതീശനും ഔദ്യോഗിക നേതൃത്വവും ഒരു ഭാഗത്തും മറുവശത്ത്‌ ചെന്നിത്തലയും എന്ന പ്രതീതി യോഗത്തിലും പ്രകടമായി. കെപിസിസി നിർവാഹക സമിതി ചേരുന്നതിനുമുമ്പ്‌ രാഷ്‌ട്രീയകാര്യസമിതി വിളിക്കണമെന്ന എ, ഐ ഗ്രൂപ്പുകളുടെ നിർദേശം നേതൃത്വം അംഗീകരിച്ചു. രാഷ്‌ട്രീയകാര്യസമിതി അംഗങ്ങളെ നിർവാഹക സമിതി യോഗത്തിൽ പങ്കെടുപ്പിക്കും. ഡിസിസി പുനഃസംഘടന പട്ടിക തയ്യാറാക്കുന്നതിൽ ജില്ലാ പ്രസിഡന്റുമാരുടെ അഭിപ്രായംകൂടി കണക്കിലെടുക്കാനും തീരുമാനിച്ചു. Read on deshabhimani.com

Related News