സതീശനും സുധാകരനും ഗ്രൂപ്പിസത്തെ 
തള്ളിപ്പറഞ്ഞത്‌ സ്ഥാനം ലഭിച്ചശേഷം: ചെന്നിത്തല



തിരുവനന്തപുരം കേരളത്തിൽ കോൺഗ്രസിലെ ഗ്രൂപ്പിസം അവസാനിച്ചെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ അവകാശവാദം തള്ളി മുൻ കെപിസിസി പ്രസിഡന്റും എംഎൽഎയുമായ രമേശ്‌ ചെന്നിത്തല. കോൺഗ്രസ്‌ ഗ്രൂപ്പിസത്തിന്‌ 45 വർഷത്തെ പാരമ്പര്യമുണ്ടെന്നും വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും തന്റെ ഗ്രൂപ്പിന്റെ ഉപസേനാധിപന്മാരായി പ്രവർത്തിച്ചിട്ടുണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. താനും ഉമ്മൻചാണ്ടിയും ഗ്രൂപ്പിസത്തിന്റെ പിൻഗാമികളാണ്‌. ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിൽ താൻ ഉത്സാഹിയല്ലെന്ന ആക്ഷേപം അന്നുയർത്തിയവരാണ്‌ ഗ്രൂപ്പിസം അവസാനിച്ചെന്ന്‌ അവകാശപ്പെടുന്നതെന്നും ഇംഗ്ലീഷ്‌ ദിനപത്രത്തിന്‌ നൽകിയ അഭിമുഖത്തിൽ ചെന്നിത്തല പറഞ്ഞു. താൻ പാർടിയെയും മുന്നണിയെയും നയിക്കാൻ ഓടിനടക്കുന്ന കാലത്ത്‌ ഗ്രൂപ്പിനായി പ്രവർത്തിക്കുകയാണെന്ന്‌ ഇക്കൂട്ടർ ആക്ഷേപിച്ചു. ഗ്രൂപ്പിസത്തിന്റെ ഭാഗമായി ഒരു സ്ഥാനം ലഭിച്ചശേഷം, ഇനി ഗ്രൂപ്പില്ലെന്ന്‌ അവകാശപ്പെടുന്നതിൽ എന്തർഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെയും ചെന്നിത്തല പരോക്ഷമായി കുറ്റപ്പെടുത്തി. തോൽവിക്ക്‌ താൻ മാത്രമല്ല കാരണക്കാരൻ. എങ്കിലും പാർടി തീരുമാനം അംഗീകരിച്ചു. താൻ ഒരു സന്യാസ ജീവിതത്തിലാണെന്ന ധാരണ വേണ്ട. സ്ഥാനമാനങ്ങൾ അലട്ടുന്നില്ല. 26–-ാം വയസ്സിൽ എംഎൽഎയായി. രണ്ടുവർഷത്തിനുള്ളിൽ മന്ത്രിയും ഒമ്പത്‌ വർഷം കെപിസിസി പ്രസിഡന്റും എഐസിസി അംഗവുമായി. കോൺഗ്രസിനെ സെമി കേഡർ പാർടിയാക്കുമെന്ന അവകാശവാദം കാത്തിരുന്നു കാണാം. കോൺഗ്രസ്‌ കോൺഗ്രസും സിപിഐ എം സിപിഐ എമ്മുമാണ്‌. കേരള രാഷ്‌ട്രീയത്തിൽ തുടരുന്നതിൽ സന്തുഷ്ടനാണ്‌. ഒരാവശ്യവും മുന്നോട്ടുവച്ചിട്ടില്ല. വാഗ്‌ദാനങ്ങൾ ലഭിച്ചിട്ടുമില്ല. കേരള രാഷ്‌ട്രീയം ശരിയായ ദിശയിലല്ല പോകുന്നത്‌.  സാധാരണക്കാരുടെ യഥാർഥ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ല. ഇത്‌ തന്റെ വ്യക്തിപരമായ അഭിപ്രായമാണ്‌. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ച ചോദ്യത്തിന്‌ കോൺഗ്രസ്‌ പ്രവർത്തകർ ലഹളയ്‌ക്ക്‌ ഇറങ്ങിപ്പുറപ്പെടരുതെന്നായിരുന്നു മറുപടി. രാഷ്‌ട്രീയ മര്യാദ സൂക്ഷിക്കാനാകണമെന്നും ചെന്നിത്തല പറഞ്ഞു. Read on deshabhimani.com

Related News