പ്രധാനമന്ത്രി ഉദ്‌ഘാടന 
സ്പെഷ്യലിസ്റ്റായി : രാം പുനിയാനി



തിരുവനന്തപുരം രാഷ്ട്രപതിയെ അപ്രസക്തയാക്കി പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുമൊരു ഉദ്‌ഘാടന സ്പെഷ്യലിസ്റ്റായി മാറിയെന്ന്‌ സെക്യുലർ ആക്ടിവിസ്റ്റ്‌ ഡോ. രാം പുനിയാനി. എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാം പുനിയാനി. രാഷ്ട്രനിർമാണ വിദഗ്‌ധനാകുന്നതിന്‌ പകരം ഉദ്‌ഘാടനങ്ങളിലാണ്‌ പ്രധാനമന്ത്രിയുടെ ശ്രദ്ധ. പാർലമെന്റായാലും കുടിവെള്ള ടാപ്പായാലും ഉദ്‌ഘാടനം ചെയ്യുമെന്നാണ്‌ മോദിയുടെ നിലപാട്‌. എല്ലായിടത്തും സ്വന്തം ഫോട്ടോ വരണമെന്നാഗ്രഹിക്കുന്ന അദ്ദേഹം പലതരം വസ്ത്രങ്ങളിൽ ആകൃഷ്ടനായിരിക്കുന്നു.  പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റു വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യ സൗകര്യങ്ങൾ തുടങ്ങിയവയിലൂടെ  രാജ്യത്തിന്റെ സമൃദ്ധിയാണ്‌ ലക്ഷ്യമിട്ടതെങ്കിൽ മോദിയുടെ കാലത്ത്‌ ക്ഷേത്രനിർമാണമാണ്‌ വികസനമെന്ന കാഴ്‌ചപ്പാടിലേക്ക്‌ എത്തി. ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്കിടയിൽ കേരളം ഒരു തുരുത്താണ്‌. രാജ്യത്തിനാകെ വഴിവിളക്കായി കേരളം നിലകൊള്ളുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ രണ്ടുതട്ടിലാക്കാൻ ബിജെപിയും ആർഎസ്‌എസും ശ്രമിക്കുമ്പോൾ കേരളത്തിൽനിന്ന്‌ അതിനെതിരെ പ്രതിരോധമുയരുന്നത് അഭിമാനകരമാണ്‌. കേരള സർവകലാശാലയിൽ എംപ്ലോയീസ് സംഘിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് തലകുനിച്ച് മടങ്ങേണ്ടിവന്നു. ലൗജിഹാദ് പ്രമേയമാക്കുന്ന കേരള സ്റ്റോറി പോലൊരു സിനിമയിലൂടെ കേരളത്തെ അപമാനിക്കാനാണ് ശ്രമം. എൽ കെ അദ്വാനിയടക്കമുള്ള പല മുതിർന്ന ബിജെപി നേതാക്കളുടെയും മക്കൾ വിവാഹം ചെയ്‌തത്‌ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരെയാണ്‌. ഇതും ലൗജിഹാദിന്റെ പരിധിയിലുള്ളതാണോയെന്ന്‌ ബിജെപി വ്യക്തമാക്കണം. ആർഎസ്‌എസിന്‌ ജാതിയും മതവും സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ആയുധമാണ്‌. മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതിന്റെ അപകടമാണ്‌ പാകിസ്ഥാനിലും ശ്രീലങ്കയിലും കണ്ടത്‌. ഹിന്ദുരാഷ്ട്രമായി മാറ്റിയാൽ ഈ ദുരന്തമായിരിക്കും ഇന്ത്യയെയും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.   Read on deshabhimani.com

Related News