പ്രമേഹബാധിതർക്ക് ആശ്വാസം ; പ്രോട്ടീൻ നിയന്ത്രിച്ചാൽ ഹൃദ്‌രോഗം കുറയ്ക്കാം



തിരുവനന്തപുരം പ്രമേഹരോഗികളിലെ ഹൃദ്‌രോഗ സാധ്യത ലഘൂകരിക്കാനാകുന്ന സുപ്രധാന കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ആർജിസിബി) ഗവേഷകർ. പ്രമേഹബാധിതരിലെ ഹൃദ്‌രോഗ സാധ്യത വർധിപ്പിക്കുന്നതിൽ "സൈക്ലോഫിലിൻ എ' മാംസ്യം നിർണായക പങ്കുവഹിക്കുന്നുണ്ട്‌. വിവിധ രോഗത്തിന്‌ കാരണമായേക്കാവുന്ന ഈ മാംസ്യത്തിന്റെ പ്രവർത്തനം നിയന്ത്രിച്ച് കൃത്യമായ മരുന്നു നൽകി പ്രമേഹരോഗികളിൽ ഹൃദ്‌രോഗ സാധ്യത കുറയ്ക്കാനാകുമെന്നാണ്‌ കണ്ടെത്തൽ. ആർജിസിബി കാർഡിയോ വാസ്കുലാർ ഡിസീസസ് ആൻഡ് ഡയബെറ്റിസ് ബയോളജി പ്രോഗ്രാം വിഭാഗത്തിലെ ശാസ്‌ത്രജ്ഞരുടേതാണ്‌ പഠനം. ഹൃദയധമനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടുന്ന കൊളസ്ട്രോൾ പാളിയിലെ വിള്ളലാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത്‌. പ്രമേഹമുള്ളവർക്ക് രക്തക്കുഴൽ സംബന്ധമായ രോഗ സാധ്യതയും കൂടുതലാണ്. ഇവരിലെ അപകട സാധ്യത വർധിപ്പിക്കുന്നതിലും സൈക്ലോഫിലിൻ എക്ക്‌ സുപ്രധാന പങ്കുണ്ട്‌. ഇതിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി പാളിയിലെ വിള്ളൽ വഴിയുണ്ടാകുന്ന ഹൃദയാഘാത അപകട സാധ്യത കുറയ്ക്കാനാകും. പ്രമേഹരോഗികളിൽ രക്തക്കുഴലുകളുടെ വീക്കം കണ്ടെത്താൻ ഈ രീതി ക്ലിനിക്കലായി വികസിപ്പിക്കുന്നുണ്ടെന്നും ശാസ്‌ത്രജ്ഞർ വ്യക്തമാക്കി. ഗവേഷണ കണ്ടെത്തലുകൾ രാജ്യാന്തര സെൽ ബയോളജി മാഗസിനായ "സെൽസ്' അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് ഡോ. സൂര്യ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം വ്യക്തമാക്കി. സൈക്ലോഫിലിൻ എ ഇമ്യൂണോഫിലിൻ കുടുംബത്തിൽപ്പെട്ട സർവവ്യാപിയായ പ്രോട്ടീനാണ് സൈക്ലോഫിലിൻ എ (സിവൈപി എ). ശരീരത്തിന്റെ പ്രതിരോധശേഷിയെ ഇത്‌ ബാധിക്കും. മനുഷ്യരിലും മൃഗങ്ങളിലും നിരവധി രോഗത്തിന്‌ ഈ മാംസ്യം കാരണമാകുമെന്ന്‌ വിവിധ പഠനം തെളിയിക്കുന്നുണ്ട്‌. ഹൃദയ സംബന്ധമായ അസുഖം, അണുബാധ, അർബുദം, ആർത്രൈറ്റിസ്, ആസ്‌ത്‌മ തുടങ്ങിയവയെല്ലാം ഈ പട്ടികയിൽപ്പെടുന്നു. Read on deshabhimani.com

Related News