രാജേന്ദ്രമൈതാനം 
ഫെബ്രുവരി 14ന്‌ തുറക്കും



കൊച്ചി > പഴയ പ്രൗഢി വീണ്ടെടുത്ത എറണാകുളം രാജേന്ദ്രമൈതാനം ഫെബ്രുവരി 14ന്‌ തുറക്കും. കൊച്ചിൻ സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡിന്റെ (സിഎസ്‌എംഎൽ) 95 ലക്ഷം രൂപ ചെലവഴിച്ച്‌ വിശാല കൊച്ചി വികസന അതോറിറ്റിയാണ്‌ (ജിസിഡിഎ) ജോലികൾ പൂർത്തിയാക്കിയത്‌. മൈതാനത്തിന്റെ ചരിത്രപ്രാധാന്യം നിലനിർത്തി, ജനങ്ങൾക്ക്‌ ഒത്തുചേരാനും പൊതുപരിപാടികളും യോഗങ്ങളും നടത്താനും കഴിയുന്ന രീതിയിലാണ്‌ നിർമാണം. ഫെബ്രുവരി 14ന്‌ ഗായിക സിതാര കൃഷ്‌ണകുമാർ നേതൃത്വം നൽകുന്ന സംഗീതപരിപാടിയും ഉണ്ടാകും. ഇതിനൊപ്പം, നഗരത്തിൽ കൂടുതൽ തുറന്ന ഇടങ്ങൾ വികസിപ്പിക്കുന്നത്‌ ലക്ഷ്യമിട്ട്‌ ജിസിഡിഎ ഒമ്പതു പാർക്കുകൾകൂടി തയ്യാറാക്കിവരികയാണ്‌. ഗാന്ധിനഗർ, പനമ്പിള്ളിനഗർ, ശാസ്‌ത്രിനഗർ എന്നിവിടങ്ങളിലാണ്‌ സിഎസ്‌എംഎൽ ഫണ്ട്‌ ഉപയോഗിച്ച്‌ പാർക്കുകൾ തയ്യാറാക്കുന്നത്‌. മൂന്നുവർഷത്തിലേറെയായി രാജേന്ദ്രമൈതാനം അടച്ചിട്ടിരിക്കുകയാണ്‌. കോൺഗ്രസ്‌ നേതാവ്‌ എൻ വേണുഗോപാൽ ജിസിഡിഎ ചെയർമാനായിരിക്കെ ലേസർ ഷോ സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നിരുന്നു. ഇതിൽ വിജിലൻസ്‌ കോടതിയെടുത്ത കേസിൽ നടപടികൾ തുടരുകയാണ്‌. ചരിത്രം 
സ്‌പന്ദിക്കുന്ന 
മൈതാനം രാജ്യത്തിന്റെ ആദ്യ പ്രസിഡന്റ്‌ ഡോ. രാജേന്ദ്രപ്രസാദിന്റെ സ്മരണാർഥമാണ് രാജേന്ദ്രമൈതാനം എന്നു നാമകരണം ചെയ്തത്. മൈതാനത്തിനു പടിഞ്ഞാറ് ബോട്ടുകളും മറ്റും അടുക്കുന്നതിനുള്ള സംവിധാനമുണ്ടായിരുന്നു. ഉസൂർ ജെട്ടി എന്നായിരുന്നു അതിന്റെ പേര്. സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായ ഒട്ടേറെ യോഗങ്ങൾ ഇവിടെ നടന്നിരുന്നു. സാലൻ മൌണ്ട് എന്ന വിളിപ്പേര് ഈ സ്ഥലത്തിനുണ്ടായിരുന്നു. യഹൂദ അഭിഭാഷകനായിരുന്നു സാലൻ. യഹൂദ വംശത്തിന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചും അദ്ദേഹം നിരവധിതവണ ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. മോഹൻ കുമാരമംഗലം, കെ കേളപ്പൻ, ഇ എം എസ്, എ കെ ജി, കെ ദാമോദരൻ, പനമ്പിള്ളി ഗോവിന്ദമേനോൻ, സി അച്യുതമേനോൻ, കെ കെ വാരിയർ, ജോർജ് ചടയംമുറി, വടക്കനച്ചൻ, മുരളീധരമാരാർ, സേലാം കോച്ച, മേരി ആന്റണി തുടങ്ങിയവർ രാജേന്ദ്രമൈതാനത്ത് പ്രസംഗിച്ച പ്രമുഖരാണ്‌. Read on deshabhimani.com

Related News