മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ തകർന്നത്‌ 16 വീട്; കൂടുതൽ ജാഗ്രത

മലവെള്ളപ്പാച്ചിലിൽ മീനാങ്കൽ പന്നിക്കുഴിയിൽ വെള്ളം കയറിയപ്പോൾ


ആര്യനാട് > മീനാങ്കൽ പന്നിക്കുഴിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വീടുകൾ തകർന്നു. ഒരുവീട്‌ പൂർണമായും 15 വീട്‌ ഭാഗികമായും തകർന്നു. ഉച്ചയ്ക്ക്ശേഷം പെയ്‌ത മഴയിലാണ് മലവെള്ളമിറങ്ങിയത്. പന്നിക്കുഴി റോഡരികത്ത് വീട്ടിൽ അജിതകുമാരിയുടെ വീടാണ് പൂർണമായി തകർന്നത്. കൃഷിയിടങ്ങളിലും പറമ്പുകളിലും വെള്ളം നിറഞ്ഞൊഴുകി. മരക്കൊമ്പുകളും കല്ലുകളും വന്നിടിച്ചും നാശമുണ്ടായി. കൃഷിയിടങ്ങളിൽ വെള്ളം കയറിത്തുടങ്ങുമ്പോൾ തന്നെ താമസക്കാർ വീട്ടിൽനിന്ന്‌ മാറിയതിനാൽ ആളപായമില്ല.   പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ ആളുകളെ മീനാങ്കൽ ട്രൈബൽ സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റി. പൊതുവെ താഴ്‌ന്ന പ്രദേശമായ പന്നിക്കുഴിയിൽ എല്ലാ മഴയിലും വെള്ളം കയറാറുണ്ട്. വ്യാഴാഴ്ച മേഖലയിൽ കനത്ത മഴയാണ് പെയ്‌തത്. സുരക്ഷ കണക്കിലെടുത്ത് മീനാങ്കൽ പന്നിക്കുഴിയിലെ കൂടുതൽ കുടുംബങ്ങളെ ട്രൈബൽ സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കും.   രാത്രിയാത്ര അരുത്    ജില്ലയിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കലക്‌ടർ. രാത്രി യാത്രയും അത്യാവശ്യമല്ലാത്ത യാത്രയും ഒഴിവാക്കണം. നദികൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ പോകുകയോ കുളിക്കുകയോ മീൻ പിടിക്കുകയോ ചെയ്യരുത്. വാഹനങ്ങൾ വേഗത കുറച്ച് യാത്ര ചെയ്യണം.  സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കലക്‌ടർ അറിയിച്ചു. -   മന്ത്രി കെ രാജൻ ക്യാമ്പ് 
സന്ദർശിച്ചു   കല്ലിയൂർ മുടിപ്പുരനട ഗവ. എൽപിഎസിലെ ദുരിതാശ്വാസ ക്യാമ്പ് റവന്യൂമന്ത്രി കെ രാജൻ സന്ദർശിച്ചു. നാശനഷ്ടം വിലയിരുത്തി ആവശ്യമായ സഹായം ഉടൻ ലഭ്യമാക്കുമെന്ന്‌ മന്ത്രി പറഞ്ഞു. ദുരന്തസ്ഥലങ്ങളിൽ ആളുകൾ അനാവശ്യ സന്ദർശനം നടത്തരുത്‌. നവ മാധ്യമങ്ങൾ വഴി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.   എം വിൻസെന്റ് എംഎൽഎ, കലക്‌ടർ  നവ്‌ജ്യോത് ഖോസ, സബ് കലക്ടർ എം എസ് മാധവിക്കുട്ടി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ടി കെ വിനീത് തുടങ്ങിയവർ ഒപ്പമുണ്ടായി. വെള്ളായണി കായൽ ആറാട്ടുകാവിന് സമീപത്തെ ഇരുപതോളം കുടുംബമാണ്‌ ക്യാമ്പിലുള്ളത്. വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണാൻ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. Read on deshabhimani.com

Related News