കുമളി - മൂന്നാർ സംസ്ഥാന പാതയിൽ 
മണ്ണിടിഞ്ഞു; അതിർത്തി മേഖലയിൽ വ്യാപകനാശം

ശക്തമായ ഇടി മിന്നലിലും മഴയിലും ചേമ്പളത്ത് 66 കെവി വെെദ്യുതി ലെെൻ പൊട്ടിവീണത് പുന:സ്ഥാപിക്കുന്നു


നെടുങ്കണ്ടം > അതിതീവ്രമഴയും മിന്നലും കേരള തമിഴ്‌നാട് അതിർത്തി മേഖലയിൽ വ്യാപകനാശം വിതച്ചു. കുമളി - മൂന്നാർ സംസ്ഥാന പാതയിലേക്ക് പാറയിടിഞ്ഞതിന് പിന്നാലെ മണ്ണിടിച്ചിലുമുണ്ടായി. ആലപ്പുഴ - മധുര സംസ്ഥാന പാതയിലേക്കും വെള്ളം കയറി. 85 വീടുകൾക്ക് നാശമുണ്ടായി.  താന്നിമൂടിന് സമീപം തട്ടേപടി പാലത്തിന്റെ കൈവരിയും തകർന്നു.
 നിർമാണത്തിലിരിക്കുന്ന നെടുങ്കണ്ടം മിനി വൈദ്യുത ഭവന്റെ കൽക്കെട്ടിലും വെള്ളം കയറി. നെടുങ്കണ്ടം, തൂക്കുപാലം, രാമക്കൽമെട്ട്, കരുണാപുരം മേഖലയിൽ വീടുകളിൽ വെള്ളംകയറി. സംരക്ഷണഭിത്തി ഇടിഞ്ഞ് അമ്പതോളം വീടുകൾ അപകടത്തിലായി. പ്രദേശത്തെ വീടുകളിൽ മണ്ണും ചെളിയും കയറി. പാത്രങ്ങൾ, വസ്ത്രങ്ങൾ, കിടക്ക എന്നിവ ഒഴുകിപ്പോയി.   മൊബൈൽ ടവറുകളിൽ ഇടിമിന്നലേറ്റത് നെറ്റ്‌വർക്ക്‌ തകരാറിലാക്കി. ബുധനാഴ്ച രാത്രി 11 മുതൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന്‌ വരെയാണ് അതിർത്തി മേഖല കേന്ദ്രീകരിച്ച് അതിതീവ്ര മഴ പെയ്ത‌ത്. ബുധനാഴ്ച വൈകിട്ട്‌ കനത്ത മഴയും മിന്നലും ഉണ്ടായിരുന്നു. രാത്രി 11ന് ഇടിമുഴക്കത്തെ തുടർന്നുണ്ടായ പ്രകമ്പനത്തിന് പിന്നാലെയാണ് വൻ മഴ പെയ്‌തത്. ഗ്രാമീണ മേഖലയിലെ തോടുകൾ കരകവിഞ്ഞു. ഇതിനു പിന്നലെ കല്ലാർ ഡാമിന്റെ തീരമേഖലയിൽ വെള്ളംകയറി.   കല്ലാർ 
അണക്കെട്ടിന്റെ 
ടണൽ മുഖം മൂടി   അണക്കെട്ടിൽ  മലവെള്ളപാച്ചിലിൽ എത്തിയ മാലിന്യങ്ങൾ ടണൽ മുഖംഅടച്ചു. ഇതോടെ കല്ലാർ ഡാമിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായി. 
   പാറത്തോട് വില്ലേജിൽ രമ്യഭവനിൽ ടി കെ വിജയമ്മയുടെ വീടിന്റെ തറയും വയറിങും മിന്നലിൽ തകർന്നു. വീട്ടുകാർ അൽഭുതകരമായി രക്ഷപെട്ടു.   തൂക്കുപാലത്ത് ബ്ലോക്ക് നമ്പർ 387ൽ ഹരിക്കുട്ടന്റെ വീടിന്റെ തറയും ഭിത്തിയും ഇടിമിന്നലിൽ വിണ്ട് കീറി. ചോറ്റുപാറ പണ്ടാരത്ത് തെക്കേതിൽ കൃഷ്ണൻകുട്ടി നായരുടെ വീട് പൂർണമായും തകർന്നു. പ്രദേശത്തെ കൃഷിയിടങ്ങളിലും വെള്ളം കയറി.റവന്യു, പഞ്ചായത്ത്, കൃഷി ഓഫീസ് മുഖാന്തിരം നാശനഷ്ട കണക്ക് ശേഖരിച്ച് വരികയാണ്. മൂന്ന്‌ മണിക്കൂർ പെയ്ത തുടർച്ചയായ മഴയാണ് നാശം വിതച്ചത്.   30 വീടുകളിൽ 
വെള്ളംകയറി   തൂക്കുപാലം രാമക്കൽമെട്ട് റോഡിൽ വിജയമാത സ്‌കൂളിന് സമീപം 30 വീടുകളിൽ വെള്ളംകയറി. ആറ്‌ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. സമീപത്തെ ലോഡ്ജിലേക്കാണ് ആറ്‌ കുടുംബങ്ങളെ മാറ്റിയത്. രണ്ട്‌പേരെ വെള്ളപൊക്കത്തിൽ നിന്നും രക്ഷപെടുത്തി. 
   വാർഡ്  അംഗം റാബി സിദിക്, പ്രദേശവാസികളായ ഹരിഷ്, യൂസഫ്, മുഴിയിൽ ജോയി, നവാസ്, ഹാഷിം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടന്നത്. റവന്യു, അഗ്നിശമനസേന, കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. Read on deshabhimani.com

Related News