ഏറ്റുമാനൂർ ചിങ്ങവനം ഇരട്ടപ്പാത ; ട്രെയിൻ ഇന്ന്‌ ഓടിത്തുടങ്ങും



കോട്ടയം കോട്ടയം–- എറണാകുളം റൂട്ടിൽ ചിങ്ങവനംമുതൽ പാറോലിക്കൽ (ഏറ്റുമാനൂർ)വരെയുള്ള  ഇരട്ടപ്പാതയിലൂടെ ഞായർ രാത്രിമുതൽ ട്രെയിൻ ഓടിത്തുടങ്ങും. രാവിലെ പാറോലിക്കൽ ഭാഗത്തെ അവസാനപാത സംയോജനവുംകൂടി കഴിയുന്നതോടെ  തിരുവനന്തപുരം–-മംഗളൂരു ഇരട്ടപ്പാത സമ്പൂർണമാകും. പുതിയ പാതയിലൂടെ ട്രെയിൻ ഓടിക്കാനുള്ള കമീഷൻ ഓഫ്‌ റെയിൽവേ സേഫ്‌റ്റി അനുമതി വെള്ളിയാഴ്‌ച ലഭിച്ചു. ഔദ്യോഗിക ഉദ്‌ഘാടനം ഇല്ലാത്തതിനാൽ ജോലികൾ പൂർത്തിയായശേഷം  ആദ്യമെത്തുന്ന ട്രയിൻ കടത്തിവിട്ട്‌ പാത കമീഷൻചെയ്യും. രാത്രി 8.10നെത്തുന്ന ചെന്നൈ സൂപ്പർ എക്‌സ്‌പ്രസാകും പുതിയ പാതയിലൂടെ ആദ്യയാത്ര നടത്തുന്നതെന്നാണ്‌ അധികൃതർ സൂചിപ്പിച്ചത്‌. കഴിഞ്ഞദിവസം പൂർത്തിയായ ചിങ്ങവനം –- മുട്ടമ്പലം (കോട്ടയം) ഇരട്ടപ്പാതയിലൂടെ ആദ്യം ഓടിയതും ചെന്നൈ സൂപ്പർ ആയിരുന്നു. രണ്ടുഘട്ടമായാണ്‌ എറണാകുളം –-കോട്ടയം റൂട്ടിൽ ഇരട്ടപ്പാത നിർമാണം നടന്നത്‌.  ആദ്യഘട്ടം കുറുപ്പന്തറ –- ഏറ്റുമാനൂർവരെ എട്ട്‌ കിലോമീറ്ററും അവിടെനിന്ന്‌ 18 കിലോമീറ്റർ ചിങ്ങവനംവരെയും ആയിരുന്നു. ചിങ്ങവനം –-  കോട്ടയംവരെ ട്രാക്കുകളുടെ സംയോജനം ഉൾപ്പെടെ എല്ലാ ജോലിയും പൂർത്തിയായി. ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്തെ പുതിയ പാതയും പഴയതുമായുള്ള  സംയോജിപ്പിക്കലാണ്‌ ഞായറാഴ്‌ച നടക്കുന്നത്‌. Read on deshabhimani.com

Related News