രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർക്കൽ; നാല് കോൺഗ്രസുകാർ അറസ്റ്റിൽ

ഗാന്ധിയുടെ ഫോട്ടോ തകർത്ത കോൺഗ്രസ്സ് പ്രവർത്തകരായ പ്രതികളെ കൽപറ്റ പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക്‌ കൊണ്ടുവരുന്നു. ഫോട്ടോ: എം എ ശിവപ്രസാദ്‌


കൽപ്പറ്റ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ മഹാത്മാഗാന്ധി ചിത്രം നിലത്തെറിഞ്ഞുതകർത്ത കേസിൽ നാല്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ. രാഹുലിന്റെ  പേഴ്‌സണൽ അസിസ്റ്റന്റ്‌  ബത്തേരി മണിച്ചിറ  കല്ലുപാടിയിൽ കെ ആർ രതീഷ്‌കുമാർ (40), ഓഫീസ്‌ ജീവനക്കാരൻ നാദാപുരം തൂണേരി ചാലോളിക്കണ്ടിയിൽ എസ്‌ ആർ രാഹുൽ(41), ബത്തേരി കുപ്പാടി കരോട്ട്‌ പുത്തൻപുരയിൽ കെ എ മുജീബ്‌(44), കൽപ്പറ്റ മാർക്കറ്റ്‌ റോഡ്‌ വടക്കേതൊടിക വി നൗഷാദ്‌(43) എന്നിവരാണ്‌ അറസ്റ്റിലായത്‌. മുജീബ്‌ കോൺഗ്രസ്‌ അനുകൂല സർവീസ്‌ സംഘടനയായ എൻജിഒ അസോസിയേഷൻ വയനാട്‌ ജില്ലാ സെക്രട്ടറിയും രതീഷ്‌കുമാർ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌.  ബഫർസോൺ വിഷയത്തിൽ  ജൂൺ 24ന്‌ കൽപ്പറ്റയിൽ എംപിഓഫീസിലേക്ക്‌  മാർച്ച്‌ നടത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ ജനരോഷമുയർത്താനാണ് കോൺഗ്രസുകാർ ഗാന്ധിചിത്രം തകർത്തത്‌. ആസൂത്രണം ചെയ്‌തപോലെ  കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും  കുറ്റം എസ്‌എഫ്‌ഐയുടെ തലയിലിട്ടു.   മാർച്ചിനുശേഷവും ഗാന്ധിചിത്രം ചുമരിലുണ്ടായിരുന്നത്‌ ‘ദേശാഭിമാനി’ ഉൾപ്പെടെ ചിത്രം സഹിതം പുറത്തുകൊണ്ടുവന്നു. വാർത്താസമ്മേളനത്തിൽ ഇത്‌ ചോദിച്ചതിന്‌ ‘ദേശാഭിമാനി’ ലേഖകനെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഭീഷണിപ്പെടുത്തിയിരുന്നു.  ദേശാഭിമാനി ജില്ലാ ബ്യൂറോയും ആക്രമിച്ചു. എസ്‌എഫ്‌ഐ പ്രവർത്തകർ പിരിഞ്ഞുപോയശേഷവും ഗാന്ധിചിത്രം ചുമരിലുണ്ടായിരുന്നത്‌ മാതൃഭൂമി ചാനലിൽ ഉൾപ്പെടെ ദൃശ്യങ്ങൾ സഹിതം വാർത്തനൽകിയിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും   സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും  പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ്‌ യഥാർഥ  പ്രതികളെ  കണ്ടെത്തിയത്‌.  ഇവർക്ക്‌ ചോദ്യംചെയ്യലിന്‌ ഹാജരാകാൻ പൊലീസ്‌ നോട്ടീസ്‌ നൽകിയെങ്കിലും ആദ്യം ഹാജരായില്ല. വെള്ളി രാവിലെ കൽപ്പറ്റ പൊലീസ്‌ സ്‌റ്റേഷനിൽ ഹാജരായ ഇവരെ മണിക്കൂറുകൾ ചോദ്യംചെയ്തശേഷമാണ്‌ അറസ്റ്റ്‌ചെയ്‌തത്‌.  ഫോട്ടോതകർത്തതിന്റെ മറവിൽ  വ്യാപക കലാപത്തിന്‌ കോൺഗ്രസ്‌ നീക്കം നടത്തിയതായി എഡിജിപി മനോജ്‌ അബ്രഹാം സർക്കാരിന്‌ നൽകിയ അന്വേഷണ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌  പ്രവർത്തകർ പൊലീസ്‌ സ്‌റ്റേഷൻ ഉപരോധിച്ചു. Read on deshabhimani.com

Related News