രാഹുലിന്റെ "ഭാരത്‌ ജോഡോ യാത്ര'; ആലപ്പുഴയിൽ 8.5 കോടി പിരിക്കണമെന്ന്‌ സതീശൻ



ആലപ്പുഴ > രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ പദയാത്രയ്‌ക്ക്‌ ആലപ്പുഴ ജില്ലയിൽനിന്ന്‌ 8.5 കോടി രൂപ പിരിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ആഹ്വാനം. സ്വാഗതസംഘ രൂപീകരണ യോഗത്തിലാണ്‌ ആവശ്യമുന്നയിച്ചത്‌. ജില്ലയിൽ കോൺഗ്രസിന്‌ 1705 ബൂത്തുകമ്മിറ്റികളുണ്ട്‌. ഒരോ കമ്മിറ്റിയും 50,000 രൂപ വീതമാണ്‌ പിരിക്കേണ്ടത്‌. നാലു ദിവസത്തെ യാത്രയ്‌ക്ക്‌ 8,52,50,000 രൂപ പിരിക്കാനാണ്‌ നിർദ്ദേശം. നാട്ടിലിറങ്ങി പണംപിരിക്കാത്തതു കൊണ്ടാണ്‌ കോൺഗ്രസിന്‌ ജനകീയാടിത്തറ ഇല്ലാത്തത്‌. മേൽക്കമ്മിറ്റികൾ നൽകുന്ന പണംകൊണ്ട്‌ തൃപ്‌തിപ്പെടുന്നവരാണ്‌ നമ്മൾ. ദേശീയതലത്തിലെന്ന പോലെ കേരളത്തിലെ കോൺഗ്രസും പ്രതിസന്ധിയിലാണെന്ന സൂചനയും പരോക്ഷമായി പ്രതിപക്ഷ നേതാവ്‌ നൽകി. രാഹുൽഗാന്ധി യാത്ര നടത്തുന്നത്‌ രമേശ്‌ ചെന്നിത്തല പറഞ്ഞിട്ടാണെന്ന്‌ ഡിസിസി പ്രസിഡന്റ്‌ ബി ബാബു പ്രസാദ്‌ പറഞ്ഞു. ഉദയ്‌പൂർ ചിന്തൻ ശിബിറിലാണ്‌ ചെന്നിത്തല ഈ നിർദ്ദേശംവച്ചത്‌. എഐസിസി ഇത്‌ അംഗീകരിക്കുകയും ചെയ്‌തു –- സ്വാഗത പ്രസംഗത്തിൽ ബാബുപ്രസാദ്‌ പറഞ്ഞു. ചെന്നിത്തല ഗ്രൂപ്പിൽ അവശേഷിക്കുന്ന നേതാക്കളിലൊരാളാണ്‌ ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌. Read on deshabhimani.com

Related News