രാധ ഇന്ത്യക്കാരി, 35 വർഷത്തിനുശേഷം

രാധ ഇന്ത്യൻ പൗരത്വം കലക്ടർ ഡോ. എസ് ചിത്രയിൽനിന്ന് ഏറ്റുവാങ്ങുന്നു


പുതുശേരി> മുപ്പത്തഞ്ച്‌ വർഷത്തെ കാത്തിരിപ്പിനുശേഷം പുതുശേരി സ്വദേശിനി രാധയ്ക്ക് ഇന്ത്യന്‍ പൗരത്വമായി. മലേഷ്യയിൽ ജനിച്ചെങ്കിലും 58 വർഷമായി പുതുശേരി ശിവ പാർവതിപുരം കല്ലങ്കണ്ടത്തുവീട്ടിൽ യു രാധ ജീവിക്കുന്നത്‌ കേരളത്തിലാണ്‌.  ജോലിക്കായി മലേഷ്യയില്‍ താമസമാക്കിയ ഗോവിന്ദൻ നായരുടെയും ശ്രീദേവിയുടെയും രണ്ടാമത്തെ മകളായി 1964 ലാണ് രാധ ജനിക്കുന്നത്. ജനനശേഷം അമ്മയും കുഞ്ഞും സ്വന്തം നാടായ പാലക്കാട് പത്തിരിപ്പാലയിലേക്ക് തിരിച്ചെത്തി. സ്‌കൂള്‍ വിദ്യാഭ്യാസം പത്തിരിപ്പാലയില്‍ ആരംഭിച്ചു.    പത്തിരിപ്പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയശേഷം 1980 ല്‍ രാധ മലേഷ്യയിലേക്ക് പോയി. 1981 ൽ വീണ്ടും ഇന്ത്യയിലെത്തി. 1985ൽ കഞ്ചിക്കോട് പ്രീകോട്ട് മിൽ ജീവനക്കാരനായ പുതുശേരി കല്ലങ്കണ്ടത്ത് കെ രാധാകൃഷ്ണനെ വിവാഹം കഴിച്ചു.  വിവാഹശേഷം മലേഷ്യയിലേക്ക് ഒരിക്കൽ കൂടി പോകാൻ പാസ്‌പോർട്ട്‌ പുതുക്കാൻ ശ്രമിച്ചു. ഇതോടെയാണ്‌ പൗരത്വം സംബന്ധിച്ച പ്രതിസന്ധി തുടങ്ങിയത്.    ജനനത്തിലൂടെ രാധയുടെ പൗരത്വം മലേഷ്യയിലായതിനാൽ ഇന്ത്യൻ പൗരത്വം നേടാൻ അപേക്ഷ നൽകണമെന്നും അതുവരെ ഇവിടെ കഴിയാൻ മലേഷ്യൻ ഹൈ കമീഷണറുടെ അനുമതി വേണമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. തുടർന്ന്‌ 1988ൽ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകി. സാങ്കേതിക തടസ്സം കാരണം അപേക്ഷയിൽ തീർപ്പുണ്ടായില്ല. ജില്ലാ കലക്ടറേറ്റ് മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഓഫീസ് വരെ വർഷങ്ങളായി കയറി ഇറങ്ങി. ഒടുവിൽ 35 വർഷങ്ങൾക്കുശേഷം പൗരത്വമായി. രാധയ്‌ക്ക്‌ പിന്തുണയുമായി ഭർത്താവും മക്കളായ ഗിരിധരനും ഗിരിജയും ഒപ്പമുണ്ടായിരുന്നു. ബുധനാഴ്‌ച കലക്‌ടര്‍ ഡോ. എസ്. ചിത്രയിൽനിന്ന്‌ രാധ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. Read on deshabhimani.com

Related News