വാരിക്കുന്തമേന്തിയ പോരാളി; കാൽനൂറ്റാണ്ട്‌ പിന്നിട്ട്‌ 
പുന്നപ്ര വയലാർ ശിൽപ്പം

വാരിക്കുന്തമേന്തിയ പോരാളിയുടെ ശിൽപ്പം


ആലപ്പുഴ > പുന്നപ്ര - വയലാർ സമരതീക്ഷ്‌ണത മുഴുവനും ആവേശിച്ചതാണ്‌ വയലാർ രക്‌തസാക്ഷി മണ്ഡപത്തിലെ വാരിക്കുന്തമേന്തിയ പോരാളിയുടെ ശിൽപ്പം. ശിൽപ്പം നിർമിച്ചിട്ട്‌ 26 വർഷമായി. ശിൽപ്പി വിൽസൺ പൂക്കായിയാണ്‌ ഇത്‌ ഒരുക്കിയത്‌. വലിയചുടുകാടിന്‌ സമീപം കളർകോട്‌ സ്വദേശിയാണ്‌ വിൽസൺ. ഒന്നരടൺ ഭാരമുള്ള ശിൽപ്പം വെങ്കലത്തിലാണ്‌ ഒരുക്കിയത്‌.   1994ൽ പുന്നപ്ര - വയലാർ സമര വാർഷിക വാരാചരണ സമാപനത്തിൽ ഇ എം എസാണ്‌ ശിൽപ്പം അനാച്ഛാദനം ചെയ്‌തത്‌. മാവേലിക്കര രവിവർമ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സിൽനിന്നാണ്‌ വിൽസൺ പഠനം പൂർത്തിയാക്കിയത്‌. പിന്നാലെ ലഭിച്ച ദേശീയ പുരസ്‌കാരം നാട്ടിൽ തന്നെ ശ്രദ്ധിക്കാൻ ഇടയായതായി പൂക്കായി പറഞ്ഞു. തുടർന്നാണ്‌ പാർടി ഈ ശിൽപ്പം നിർമിക്കാനുള്ള ചുമതലയേൽപ്പിക്കുന്നത്‌. പുന്നപ്ര സമരസേനാനിയും സിപിഐ എം ജില്ലാ സെക്രട്ടറിയുമായിരുന്ന പി കെ ചന്ദ്രാനന്ദനാണ്‌ ശിൽപ്പനിർമാണത്തിൽ താങ്ങും തണലുമായി നിന്നത്‌. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച്‌ മുന്നോട്ടുപോകുകയായിരുന്നു. ജി സുധാകരൻ എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. പ്രതിഫലമാഗ്രഹിച്ചായിരുന്നല്ല വാടകവീട്ടിൽ താമസിക്കുമ്പോഴും ഈ ശിൽപ്പനിർമാണം ഏറ്റെടുത്തത്‌.   പ്രകൃതിയുമായി മല്ലിടുന്ന കർഷകരുടെ കരുത്ത്‌ പ്രതിഫലിക്കുന്ന ശിൽപ്പമാകണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നെന്ന്‌ പൂക്കായി അക്കാലം ഓർക്കുന്നു. നിയമസഭയിലെ കേരളത്തിന്റെ എംബ്ലം, പല്ലനയിലെ കുമാരനാശാന്റെ ശിൽപ്പം, രാജാ കേശവദാസ്‌, ടി കെ വർഗീസ്‌ വൈദ്യൻ, ആലപ്പുഴയിലെ വീണപൂവുമായി നിൽക്കുന്ന കുമാരനാശാൻ എന്നിങ്ങനെ നിരവധി ശിൽപങ്ങൾ ഒരുക്കി. കേരള ലളിതകലാ അക്കാദമി അവാർഡ്‌ അടക്കം നിരവധി ദേശീയ–-സംസ്‌ഥാന പുരസ്‌കാരങ്ങൾ നേടി. ശിൽപ്പകല കൂടാതെ ചിത്രകലയിലും തന്റെ മികവ്‌ തെളിയിക്കാൻ വിൽസൻ പൂക്കായിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഭരത്‌ മുരളിയുടെ ശിൽപ്പവുമായി ബന്ധപ്പെട്ട്‌ ഇപ്പോൾ എറണാകുളം എരൂരിലെ വാടകവീട്ടിലാണ്.‌ വിൽസൺ ഇപ്പോഴുള്ളത്‌. Read on deshabhimani.com

Related News