പുനര്‍ഗേഹം: 1080 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങി



അഴീക്കോട്‌ > പുനര്‍ഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്തെ 1080 കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ തണലായി വീടൊരുങ്ങി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം അഴീക്കോട് നീര്‍ക്കടവില്‍ ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. തീരദേശത്ത് നിന്ന് മാറി താമസിക്കാന്‍ തയ്യാറുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ഭൂമി കണ്ടെത്തി വീട് വെച്ച് നല്‍കിയത്. ഒന്‍പത് തീരദേശ ജില്ലകളിലായി 1080 ലധികം ഭവനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചു. തിരുവനന്തപുരം 266, കൊല്ലം 159, ആലപ്പുഴ 271, എറണാകുളം 28, തൃശ്ശൂര്‍ 134, മലപ്പുറം 102, കോഴിക്കോട് 34, കണ്ണൂര്‍ 25, കാസര്‍കോട് 61 എന്നിങ്ങനെയാണ് വീട് നിര്‍മ്മിച്ചത്. ഇതില്‍ 794 എണ്ണം പൂര്‍ണ്ണമായി താമസയോഗ്യമായി. ബാക്കി 286 എണ്ണത്തിന്റെ മിനുക്ക് പണി മാത്രമാണ് ബാക്കി. ഇതിന് പുറമെ 100 ദിവസത്തിനുള്ളില്‍ 100 ഓളം ഗുണഭോക്താക്കള്‍ കണ്ടെത്തിയ ഭൂമിക്കും വീടിനും ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി വില അംഗീകരിച്ചു കഴിഞ്ഞു. പദ്ധതി പ്രകാരം നിലവില്‍ മാറി താമസിക്കാന്‍ തയ്യാറായത് 8743 കുടുംബങ്ങളാണ്. ഇതില്‍ 3981 കുടുംബങ്ങള്‍ ഭൂമി കണ്ടെത്തുകയും 390 പേര്‍ക്ക് ഫ്ളാറ്റ് നല്‍കുകയും ചെയ്തു. 1184 പേര്‍ക്കുള്ള ഫ്ളാറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ 5555 കുടുംബങ്ങള്‍ക്കാണ് പുനരധിവാസം ഉറപ്പാക്കാന്‍ സാധിക്കുക. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പൂര്‍ത്തീകരിച്ച 16 വീടുകളുടെ താക്കോലാണ് അഴീക്കലില്‍ നടന്ന ചടങ്ങില്‍ നല്‍കിയത്. ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. Read on deshabhimani.com

Related News