ഭൂമി രജിസ്‌ട്രേഷന്‌‌ ഫീസ്‌ ഒഴിവാക്കും : മുഖ്യമന്ത്രി



തിരുവനന്തപുരം പുനർഗേഹം പദ്ധതിയിൽ ഗുണഭോക്താക്കൾ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസ്‌ ഒഴിവാക്കുന്നത്‌ പരിഗണനയിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഗുണഭോക്താക്കൾക്ക്‌ സ്വന്തം നിലയിൽ ഭൂമി കണ്ടെത്താനാകാത്തിടത്ത്‌ ജനപ്രതിനിധികളുടെ സഹായത്തോടെ കണ്ടെത്തി പാർപ്പിട സമുച്ചയവും പദ്ധതിയിൽ ലക്ഷ്യമിടുന്നതായി‌ മുഖ്യമന്ത്രി പറഞ്ഞു. പുനർഗേഹം പദ്ധതിയിൽ 584 വീടിന്റെയും ഫ്ലാറ്റിന്റെയും താക്കോൽദാന ഉദ്‌ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാർപ്പിട പ്രശ്‌നത്തിൽ എൽഡിഎഫ്‌ സർക്കാരിന്‌ എക്കാലത്തും ഗൗരവ സമീപനമാണ്‌. ലൈഫ്‌ പദ്ധതിയിൽ രണ്ടര ലക്ഷം വീട്‌ കൈമാറി. രാജ്യത്ത്‌ ആദ്യമായാണ്‌ തീരദേശ നിവാസികളുടെ പുനരധിവാസം ഉറപ്പാക്കാൻ പുനർഗേഹം പദ്ധതി. 2366 പേർ വീടിന്‌ ഭൂമി കണ്ടെത്തി. 1746 പേർ രജിസ്‌ട്രേഷനും 601 പേർ നിർമാണവും പൂർത്തിയാക്കി. ഇതിൽ 91 പേർ വീടും സ്ഥലവും വിലയ്‌ക്കു വാങ്ങിയവരാണ്‌.  പദ്ധതിയുടെ ഭാഗമായി തീരത്തുനിന്ന്‌ കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാകില്ല. കടലാക്രമണം രൂക്ഷമായിടത്ത്‌ ജൈവകവചം രൂപീകരിച്ച്‌ തീരസംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News