വേനൽമഴയില്ല, പുൽപ്പള്ളിയിൽ വരൾച്ച അതിരൂക്ഷം

കബനിതീരത്ത്‌ കൊളവള്ളിയിൽ കുടിവെള്ളം ശേഖരിക്കുന്നവർ


പുൽപ്പള്ളി > ജില്ലയിൽ പലഭാഗത്തും വേനൽമഴ ആശ്വാസമേകുമ്പോഴും വരൾച്ച പിടിമുറുക്കി പുൽപ്പള്ളി മേഖല. വേനൽമഴ ജില്ലയിൽ പലഭാഗത്തും ഏറിയും കുറഞ്ഞും കഴിഞ്ഞ ഒരാഴ്‌ചയായി പെയ്യുന്നതിനിടയിലാണ്‌ പുൽപ്പളളി,  മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മഴ കനിയാത്തത്‌. ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ചയുണ്ടാവുന്ന മേഖലയിൽ വേനൽച്ചൂട്‌ വർധിച്ചതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. പുഴകളും നീർച്ചാലുകളുമെല്ലാം വറ്റി. കാർഷികമേഖലയും ക്ഷീരമേഖലയുമെല്ലാം പ്രതിസന്ധി നേരിടുകയാണ്‌. ഇതോടൊപ്പം കർണാടകയിൽനിന്ന് വീശിയടിക്കുന്ന ഉഷ്‌ണക്കാറ്റും പ്രദേശത്തെ ചുട്ടുപൊള്ളിക്കുകയാണ്‌.  കബനി നദി വരണ്ടതിനാൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ തീരദേശ ഗ്രാമങ്ങളിൽപോലും ജനങ്ങൾ കുടിവെള്ളത്തിന്‌ ബുദ്ധിമുട്ടുന്നു. കൃഷിയിടങ്ങൾ വരണ്ടതിനാൽ കാപ്പി, കുരുമുളക്, വാഴ, ചേന, കപ്പ എന്നിങ്ങനെ കാർഷികവിളകളെല്ലാം കരിയുകയാണ്‌. ക്ഷീരമേഖലയിൽ കന്നുകാലികൾക്ക്‌ തീറ്റയും വെള്ളവും ലഭിക്കാൻ പ്രയാസപ്പെടുകയാണെന്ന്‌ ക്ഷീരകർഷകർ പറഞ്ഞു. തീറ്റപ്പുൽ കരിയുന്നതിനാൽ വൻവില  കൊടുത്താണ്‌ കാലിത്തീറ്റ വാങ്ങുന്നത്‌. പാലുൽപ്പാദനവും കുറഞ്ഞു. പുൽപ്പള്ളി മേഖലയെ വരൾച്ചയിൽനിന്ന് തടയാൻ നിർദിഷ്‌ട കടമാൻതോട് ജലസംഭരണ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇത്‌ കുടിവെള്ള പ്രശ്നത്തിനും കാർഷിക ജലസേചനത്തിനും പരിഹാരമാകും. 12ന് കലക്‌ടറേറ്റിൽ ചേരുന്ന സർവകക്ഷി യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. Read on deshabhimani.com

Related News