പുൽപ്പള്ളി ബാങ്ക്‌ തട്ടിപ്പ്‌ : കോൺഗ്രസ്‌ നേതാക്കൾ തട്ടിയത്‌ 5.62 കോടിയെന്ന്‌ കുറ്റപത്രം



കൽപ്പറ്റ പുൽപ്പള്ളി സഹകരണ ബാങ്കിൽ 42 വായ്‌പകളിലായി കോൺഗ്രസ്‌ നേതാക്കൾ 5.62 കോടി രൂപ തട്ടിയെടുത്തെന്ന്‌ വിജിലൻസ്‌ കുറ്റപത്രം. 2015 മുതൽ 2018വരെയുള്ള  ക്രമേക്കടുകൾ അന്വേഷിച്ച വയനാട്‌ വിജിലൻസ്‌ ഡിവൈഎസ്‌പി സിബി തോമസ്‌ വെള്ളിയാഴ്‌ച തലശേരി വിജിലൻസ്‌ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ്‌ ഈ വിവരം. വിജിലൻസ്‌ അന്വേഷിച്ചതിന്‌ മുമ്പും ശേഷവുമുള്ള  ചില വായ്‌പകൾകൂടി  അന്വേഷിച്ച സഹകരണ വകുപ്പ്‌ 7.26 കോടി രൂപയുടെ തട്ടിപ്പാണ്‌ കണ്ടെത്തിയത്‌. പത്ത്‌ പ്രതികളിൽ ബാങ്ക്‌ മുൻ പ്രസിഡന്റ്‌ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം ആണ്‌ വിജിലൻസ്‌ കുറ്റപത്രത്തിൽ ഒന്നാംപ്രതി. ബാങ്കിന്റെ മുൻ ഡയറക്ടർമാരായ സി വി വേലായുധൻ, ബിന്ദു ചന്ദ്രൻ,  ടി എസ്‌ കുര്യൻ, സുജാത ദിലീപ്‌, മണി പാമ്പനാൽ, വി എം പൗലോസ്‌, മുൻ സെക്രട്ടറി കെ ടി രമാദേവി, വായ്‌പാ വിഭാഗം മേധാവി പി യു തോമസ്‌,  സജീവൻ കൊല്ലപ്പള്ളി എന്നിവരാണ്‌ മറ്റു പ്രതികൾ. പത്താം പ്രതി സജീവൻ കൊല്ലപ്പള്ളിയുടെ പേരിൽ വ്യാജ പവർ ഓഫ്‌ അറ്റോർണി ചമച്ച്‌ വൻതുക തട്ടിയെടുത്തു. തട്ടിപ്പിനിരയായി  ആത്മഹത്യചെയ്‌ത രാജേന്ദ്രൻ നായരുടെ പേരിലുള്ള വായ്‌പാതുകയും സജീവന്റെ അക്കൗണ്ടിലേക്കാണ്‌ മാറ്റിയത്‌.  ഈട്‌ വസ്‌തുവിന്റെ വിപണിമൂല്യം പെരുപ്പിച്ചും തെറ്റായ റിപ്പോർട്ട്‌ നൽകിയും പണം തട്ടി. ആയിരം പേജുള്ള കുറ്റപത്രത്തിനൊപ്പം 242 രേഖകളും സമർപ്പിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News