പുല്ലുമേട് തീര്‍ഥാടക ദുരന്തത്തിന് ഇന്ന്‌ 10 വയ‌സ്സ്‌



കുമളി നാടിനെ കണ്ണീരിലാഴ്‌ത്തിയ പുല്ലുമേട് തീർഥാടക ദുരന്തമുണ്ടായിട്ട്‌ വ്യാഴാഴ‌്ച പത്ത്‌ വർഷം. 2011 ജനുവരി 14നാണ് പുല്ലുമേട്ടിൽ തിക്കിലും തിരക്കിലും പെട്ട് 102 തീർഥാടകർ മരണമടഞ്ഞത്. തമിഴ്നാട്, ആന്ധ്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ശ്രീലങ്കക്കാരായ തീർഥാടകരുമായിരുന്നു  മരിച്ചവരിൽ ഏറെയും.  മകരവിളക്ക് ദർശനം വൈകിയതുകൊണ്ടും പിറ്റേന്ന് തമിഴ്നാട്ടിൽ പുതുവർഷാരംഭം ആയതിനാലും ആളുകൾ തിരിച്ചിറങ്ങിയപ്പോൾ തിക്കും തിരക്കുമുണ്ടായതാണ്‌ അപകടകാരണം. പ്രദേശത്ത് വേണ്ടത്ര വെളിച്ചം ഇല്ലാതിരുന്നതും ഇടുങ്ങിയ വഴിയും സമീപത്ത‌് ആനയെ കണ്ടെന്ന പ്രചാരണവും മരണനിരക്ക്‌ കൂടാനിടയാക്കി.  എല്ലാ വർഷവും 6.45 ഓടെയാണ് മകരവിളക്ക് കാണാറുള്ളത്. എന്നാൽ, ദുരന്തദിനത്തിൽ അരമണിക്കൂർ വൈകി 7.15നായിരുന്നു മകരജ്യോതി തെളിഞ്ഞത്. ദുരന്തമുണ്ടായ ഭാഗത്ത് നൂറുകണക്കിന് വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തതും പാതയുടെ ചരിവും വീതികുറവും ചങ്ങലയിട്ട് ബന്ധിച്ചിരുന്നതും അപകടത്തിനിടയാക്കി. ഇടുങ്ങിയ പാതയിൽ കുരുങ്ങിയ ആളുകളുടെ മുകളിലേക്ക് വീണ്ടും വീണ്ടും ആളുകൾ വീഴുകയായിരുന്നു. ഇത് വൻ ദുരന്തത്തിന് ഇടയാക്കി.  രണ്ടു ലക്ഷത്തോളം പേർ മലമുകളിൽ തടിച്ചുകൂടിയതായാണ് കണക്ക്. Read on deshabhimani.com

Related News