പുതുച്ചേരി തദ്ദേശ തെരഞ്ഞെടുപ്പ്‌ വീണ്ടും കോടതികയറുന്നു



മയ്യഴി > പുതുച്ചേരി തദ്ദേശ തെരഞ്ഞെടുപ്പ്‌ വീണ്ടും കോടതി കയറുന്നു. പട്ടികവർഗ–-പിന്നാക്കജാതി സംവരണം റദ്ദാക്കിയതിനെതിരെ പ്രതിപക്ഷനേതാവ്‌ ഡിഎംകെയിലെ ആർ ശിവ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചു. ഹർജി തിങ്കൾ രാവിലെ പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കും. നേരത്തെ, സുപ്രീംകോടതി വിധിപ്രകാരം തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന്റെ തലേദിവസം മദ്രാസ്‌ ഹൈക്കോടതിയിൽ ഹർജിയെത്തിയിരുന്നു. ഭരണകക്ഷി എംഎൽഎ പ്രകാശ്‌കുമാറായിരുന്നു ഹർജിക്കാരൻ. തീർപ്പ്‌ കൽപ്പിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനുപിന്നാലെയാണ്‌ ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ ഹർജി. ഇന്ന്‌ കോൺഗ്രസ്‌–- ഡിഎംകെ ബന്ദ്‌ തദ്ദേശ തെരഞ്ഞെടുപ്പിനെതിരെ പുതുച്ചേരിയിൽ തിങ്കളാഴ്‌ച കോൺഗ്രസ്‌–-ഡിഎംകെ ബന്ദ്‌. പട്ടികവർഗ –-പിന്നാക്കജാതി സംവരണം പുനഃസ്ഥാപിക്കുന്നതുവരെ തെരഞ്ഞെടുപ്പ്‌ നിർത്തിവയ്‌ക്കണമെന്നും തെരഞ്ഞെടുപ്പ്‌ കമീഷണറെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ബന്ദ്‌. നവംബർ രണ്ടിന്‌ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്ന പുതുച്ചേരി, ഒഴുകരൈ നഗരസഭകളിൽ തിങ്കൾ മുതൽ നാമനിർദേശപത്രിക സമർപ്പിക്കാനിരിക്കെയാണ്‌ ഈനീക്കം. 38 വർഷത്തെ കാത്തിരിപ്പിനുശേഷം 2006ലാണ്‌ സംസ്ഥാനത്ത്‌ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ്‌ നടത്താൻ സംസ്ഥാനം ഭരിച്ച കോൺഗ്രസും എൻആർ കോൺഗ്രസും ബിജെപിയും തയാറായില്ല. അട്ടിമറിക്ക്‌ കോൺഗ്രസ്‌–- ബിജെപി കൂട്ട്‌ തദ്ദേശ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും ഒന്നിക്കുകയാണ്‌.   ബിജെപി, കോൺഗ്രസ്‌, എൻആർ കോൺഗ്രസ്‌, ഡിഎംകെ എംഎൽഎമാർ സ്‌പീക്കറുടെ നേതൃത്വത്തിൽ ശനിയാഴ്‌ച ലെഫ്‌. ഗവർണർ തമിഴിസൈ സൗന്ദർരാജനെ സന്ദർശിച്ച്‌ തെരഞ്ഞെടുപ്പ്‌ നീട്ടാനും കമീഷണറെ തിരിച്ചുവിളിക്കാനും ആവശ്യപ്പെട്ടിരുന്നു. സിപിഐ എം പ്രവർത്തകൻ ടി അശോക്‌കുമാറിന്റെ ഹർജിയിൽ സുപ്രീംകോടതിയാണ്‌ തെരഞ്ഞെടുപ്പ്‌ നടത്താൻ ഉത്തരവിട്ടത്‌. സെപ്‌തംബർ 22ന്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോൾ ഭരണകക്ഷി എംഎൽഎ മദ്രാസ്‌ ഹൈക്കോടതിയിൽ ഹർജി നൽകി. സംവരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ മറവിൽ സംസ്ഥാന എൻഡിഎ സർക്കാർ പട്ടികവർഗ –-പിന്നാക്കജാതി സംവരണം റദ്ദാക്കി. പുതുക്കിയ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചതിനുപിന്നാലെയാണ്‌ ഭരണ, -പ്രതിപക്ഷ പാർടികൾ രംഗത്തുവന്നത്‌. Read on deshabhimani.com

Related News