VIDEO - പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; ആ കരുത്തുറ്റ വിഭാഗത്തെ ഒരിക്കലും അപഹസിക്കരുത്: മുഖ്യമന്ത്രി



തിരുവനന്തപുരം > പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവരെ അപഹസിക്കുന്ന വിധത്തിലുള്ള ഒരു സമീപനവും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ച പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നകാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ലോകത്താകെ പടര്‍ന്നുപിടിച്ചിട്ടുള്ള ഒരു രോഗമാണ്. ചില വികസിത രാഷ്ട്രങ്ങള്‍ നിസ്സഹായതയോടെ ഇതിനെ നേരിടുന്ന കാഴ്ച നാം കാണുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാവില്ല. നമ്മുടെ നാട് ലോകത്താകെ വ്യാപിച്ചുകിടക്കുന്ന ഒരു നാടാണ്. കാരണം. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെ വ്യാപിച്ചു കിടക്കുന്നു. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്. ഇത് നാം മറന്നുപോകാന്‍ പാടില്ല. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവര്‍ പോയ രാജ്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സ്വാഭാവികമായും അവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കില്ലേ. തിരിച്ചുവന്നപ്പോള്‍ ന്യായമായ പ്രതിരോധ നടപടികള്‍ പൊതുവില്‍ എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ചില കേസുകളാണ് വ്യത്യസ്തമായി ഉണ്ടായത്. ആ ഒറ്റപ്പെട്ടതിന്റെ ഭാഗമായി ഈ പറയുന്ന നമ്മുടെ നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരുതരത്തിലും അപഹസിക്കാനോ മനസ്സില്‍ ഈര്‍ഷ്യയോടെ കാണാനോ പാടില്ല. ഇതു നാം എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെക്കുറിച്ച് ഉല്‍ക്കണ്ഠ ഉണ്ടാകും. കാരണം ഇപ്പോള്‍ അവര്‍ക്ക് ആര്‍ക്കും നാട്ടിലേക്ക് വരാനുള്ള യാത്രാ സൗകര്യമില്ല. അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. അവര്‍ക്കാര്‍ക്കും അത് സംബന്ധിച്ച് ഉത്കണ്ഠ വേണ്ടതില്ല. നിങ്ങളവിടെ സുരക്ഷിതരായി കഴിയുക. അതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറാകുക. ഇവിടെയുള്ള നിങ്ങളുടെ കുടുംബമെല്ലാം സുരക്ഷിതമായിരിക്കും. ഈ നാട് എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് എന്ന് പ്രവാസി ലോകത്തിന് ഉറപ്പു നല്‍കുകയാണ്.-മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Read on deshabhimani.com

Related News