ഹിന്ദുത്വരാഷ്ട്ര നിർമാണത്തിന്‌ ബോധപൂർവമായ ശ്രമം: പ്രകാശ്‌ കാരാട്ട്‌



തിരുവനന്തപുരം > ഇന്ത്യയെ പരിപൂർണമായി ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ്‌ ആർഎസ്‌എസ്‌ നടത്തുന്നതെന്ന്‌  സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച ദേശീയ പഠനക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്താനാവില്ലെന്ന്‌ 1991ലെ മതാരാധന നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. 1947 ആഗസ്‌ത്‌ 15ന്‌ ശേഷം  ബാബ്‌റി മസ്‌ജിദ്‌ ഒഴികെ മറ്റ്‌ ആരാധാനാലയങ്ങൾക്കൊന്നും രൂപമാറ്റം വരുത്തിയിട്ടില്ല. 91ലെ നിയമം നിലനിൽക്കുന്നതായി അയോധ്യ കേസിന്റെ അന്തിമവിധിയിലും സുപ്രീംകോടതി  വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ, വാരണാസിയിലെ ജ്ഞാൻവ്യാപി, മഥുരയിലെ ഈദ്‌ഗാഹ്‌ മോസ്‌ക്‌ എന്നിവ സംബന്ധിച്ചുള്ള കോടതി വ്യവഹാരങ്ങൾ ഈ നിയമത്തിന്‌ ഘടകവിരുദ്ധമാണ്‌. ആ നിയമത്തിന്‌ വിരുദ്ധമായാണ്‌ യുപിയിലെ കോടതികൾ ഹർജികൾ സ്വീകരിച്ചത്‌. രാജ്യം ഭരിക്കുന്ന ബിജെപി ആർഎസ്‌എസിന്റെ ഹിന്ദുരാഷ്ട്രമെന്ന ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇത്‌ ഏതെങ്കിലും ഒരു ക്ഷേത്രത്തിന്റെയോ മോസ്‌കിന്റെയോ മാത്രം പ്രശ്‌നമല്ല. ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ്‌ ശ്രമിക്കുന്നത്‌.ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ പുനർരൂപകൽപ്പന ചെയ്യാനാണ്‌ ശ്രമം. മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളെയാണ്‌ ആർഎസ്‌എസ്‌ ലക്ഷ്യമിടുന്നത്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മുസ്ലീങ്ങൾക്കും അവരുടെ അവകാശങ്ങൾക്കും എതിരായ അതിക്രമാണ്‌ നടക്കുന്നത്‌. ലവ്‌ജിഹാദ്‌, ഹിജാബ്‌, ഹലാൽ മാംസം, മതപരിവർത്തനം തുടങ്ങിയവയുടെ പേരിലെല്ലാം മുസ്ലീങ്ങളും അവരുടെ സ്വത്വവും അവകാശങ്ങളും ആക്രമിക്കപ്പെടുന്നു. വർഗീയ ചേരിതിരിവും രാഷ്ട്രീയ നേട്ടവും മാത്രമല്ല ആർഎസ്‌എസിന്റെ ലക്ഷ്യം. ഇന്ത്യൻ സമൂഹത്തിന്റെ മതേതര ജനാധിപത്യ സ്വഭാവം സ്ഥായിയായി മാറ്റിത്തീർക്കുകയാണ്‌. ഇന്ത്യൻ സമൂഹം ഇന്ന്‌ നേരിടുന്ന വലിയ പ്രതിസന്ധി അതാണെന്നും കാരാട്ട്‌ പറഞ്ഞു. Read on deshabhimani.com

Related News