ദാരിദ്ര്യസൂചിക മാനദണ്ഡം: 4 വർഷത്തിൽ വീണ്ടും മെച്ചപ്പെട്ട്‌ കേരളം



ന്യൂഡൽഹി  > ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി തെരഞ്ഞെടുക്കാൻ നിതി ആയോഗ്‌ അടിസ്ഥാനമാക്കിയ മാനദണ്ഡങ്ങളേക്കാൾ കൂടുതൽ മെച്ചപ്പെട്ട സ്ഥിതിയിലേക്ക്‌ കേരളമെത്തി. 2019–-20ലെ ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകളാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. നിതി ആയോഗ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രഥമ ബഹുതല ദാരിദ്ര്യ സൂചിക (എംപിഐ) പ്രകാരം രാജ്യത്ത്‌ ദാരിദ്ര്യം തീർത്തുമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്‌. ഒക്‌സ്‌ഫോഡ്‌ പൊവർട്ടി ആൻഡ്‌ ഹ്യൂമൻ ഡെവലപ്‌മെന്റ്‌ ഇനിഷ്യേറ്റീവും യുഎൻ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമും വികസിപ്പിച്ച ഏറ്റവും ആധുനികവും ആഗോള അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരവുമാണ്‌ സൂചിക തയ്യാറാക്കിയതെന്ന്‌ നിതി ആയോഗ്‌ റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ ഘടകങ്ങളാണ്‌ ദാരിദ്ര്യ സൂചിക തയ്യാറാക്കാൻ മുഖ്യമായും ഉപയോഗിച്ചത്‌. പോഷകാഹാരം, ശിശു മരണനിരക്ക്‌, സ്‌കൂൾ വിദ്യാഭ്യാസം, വൈദ്യുതി–-കുടിവെള്ള ലഭ്യത തുടങ്ങി 12 കാര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ ആരോഗ്യവും വിദ്യാഭ്യാസവും ജീവിതനിലവാരവും കണക്കാക്കുന്നത്‌. ദേശീയ കുടുംബാരോഗ്യ സർവേയാണ്‌ ഇതിന്റെ ആധാരം. നിതി ആയോഗ്‌ ആദ്യ ദാരിദ്ര്യസൂചിക തയ്യാറാക്കിയ ഘട്ടത്തിൽ 2015–-16 കാലയളവിൽ നാലാമത്‌ കുടുംബാരോഗ്യ സർവേ കണക്കാണ്‌ ലഭ്യമായിരുന്നത്‌. എന്നാൽ, കഴിഞ്ഞ ദിവസം 2019–-20 അടിസ്ഥാനമാക്കിയുള്ള അഞ്ചാമത്‌ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു. നാലാമത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ അഞ്ചാം റിപ്പോർട്ടിൽ ഭൂരിഭാഗം ഘടകത്തിലും കേരളം കൂടുതൽ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്‌. പത്തോ അതിൽ കൂടുതലോ വർഷം സ്‌കൂൾ വിദ്യാഭ്യാസം ലഭിച്ച പുരുഷൻമാർ 72.2ൽനിന്ന്‌ 77 ശതമാനമായി; സ്‌ത്രീകൾ 70.5ൽനിന്ന്‌ 73.3 ശതമാനമായി. വൈദ്യുതീകരിച്ച വീടുകൾ 99.2ൽനിന്ന്‌ 99.6 ശതമാനമായി. മെച്ചപ്പെട്ട കുടിവെള്ള സ്രോതസ്സുള്ള വീടുകൾ 94.8ൽനിന്ന്‌ 94.9 ശതമാനമായി. ശുചിമുറിയുള്ള വീടുകൾ 98.1ൽനിന്ന്‌ 98.7 ആയി. പാചകവാതകം ഉപയോഗിക്കുന്ന വീടുകൾ 57.4ൽനിന്ന്‌ 72.1 ശതമാനമായി. ശിശുമരണ നിരക്ക്‌ 5.6ൽനിന്ന്‌ 4.4 ആയി. അഞ്ച്‌ വയസ്സിൽ താഴെയുള്ളവരിലെ മരണനിരക്ക്‌ 7.1ൽനിന്ന്‌ 5.2 ആയി. ഗർഭം ധരിച്ച്‌ ആദ്യ 100 ദിവസം ഫോളിക്‌ ആസിഡ്‌ ഗുളിക ലഭിക്കുന്ന സ്‌ത്രീകൾ 67ൽനിന്ന്‌ 80 ശതമാനമായി. 180 ദിവസംവരെ ഫോളിക്‌ ആസിഡ്‌ ഗുളിക ലഭിക്കുന്നവർ 47.4ൽനിന്ന്‌ 67 ശതമാനമായി.  Read on deshabhimani.com

Related News