പോർച്ചുഗൽ തദ്ദേശ തെരഞ്ഞെടുപ്പ്‌; ഇടതുപക്ഷ സ്ഥാനാർഥിയായി തൃശൂർക്കാരൻ



കുന്നംകുളം > പോർച്ചുഗലിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി തൃശൂർ സ്വദേശിയും. കണ്ടാണശേരി നമ്പഴിക്കാട് കടവന്നൂർ പരേതനായ ചന്ദ്രമോഹന്റെ മകൻ രഘുനാഥ് കടവന്നൂർ ആണ് 25 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ് പാർട്ടി ഓഫ് പോർച്ചുഗൽ സ്ഥാനാർഥി ആയി ജനവിധി തേടുന്നത്. പോർച്ചുഗീസ് കമ്യൂണിസ്റ്റ് പാർട്ടിയും പരിസ്ഥിതി സംരക്ഷണ പാർടിയും (പിഇവി) ചേർന്ന് രൂപീകരിച്ച സിഡിയു എന്ന ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയാണ് രഘുനാഥ്. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെ കഥവാൽ മുനിസിപ്പാലിറ്റിയിൽ വെർമേല പഞ്ചായത്തിലെ താമസക്കാരനാണ് രഘുനാഥ്. പോർച്ചുഗലിൽ എത്തിയ കാലം മുതൽ കമ്യൂണിസ്‌റ്റ്‌ പാർടിയുമായി അടുത്ത ബന്ധം രഘുനാഥ്‌ പുലർത്തിയിരുന്നു. യൂറോപ്പിൽ വിദേശ തൊഴിലാളികൾക്കുനേരെ സംഘടിത വംശീയ പാർടികൾ ആക്രമണം അഴിച്ചുവിട്ടതിനെത്തുടർന്ന്‌ പോർച്ചുഗീസ് ഇടതുപക്ഷ പ്രസ്ഥാനം, വിദേശത്തു നിന്ന് കുടിയേറി പോർച്ചുഗീസ് പൗരത്വം ലഭിച്ച ആളുകളെ കൂടുതൽ സ്ഥാനാർഥികളാക്കി രാഷ്ട്രീയ മറുപടി നൽകാൻ തീരുമാനിച്ചതാണ് രഘുനാഥിന്റെ സ്ഥാനാർഥിത്വത്തിനു വഴിവച്ചത്‌. രഘുനാഫ് ഉൾപ്പെടുന്ന പാനൽ വെർമേല പഞ്ചായത്തിലേക്കും കഥവാൽ മുനിസിപ്പാലിറ്റി അസംബ്ലിയിലേക്കുമാണ് മത്സരിക്കുന്നത്. ഇടതുപക്ഷത്തിനു വലിയ മുന്നേറ്റമുള്ള മേഖലയല്ല കഥവാൽ. ജേർണലിസത്തിൽ പിജി ഡിപ്ലോമ നേടി 11 വർഷം മുമ്പാണ് രഘുനാഥ്‌ പോർച്ചുഗലിൽ ഒരു പുസ്‌തക പ്രസിദ്ധീകരണ സ്ഥാപനത്തിൽ പബ്ലിക് റിലേഷൻ ഓഫീസറായി ജോലി നേടിയത്. 2018ൽ സ്ഥാപനം നിർത്തിയതോടെ ഒരു പ്രശസ്‌ത റസ്റ്റോറന്റിൽ മാനേജരായി. വടക്കാഞ്ചേരി വ്യാസ കോളേജിലായിരുന്നു വിദ്യാഭ്യാസം. കണ്ടാണശേരി പഞ്ചായത്തിലെ സിപിഐ എം നമ്പഴിക്കാട് നോർത്ത് ബ്രാഞ്ചംഗം, ഡിവൈഎഫ്ഐ മേഖലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പഠന കാലത്ത് നാടൻ പാട്ടുകളെക്കുറിച്ചും പൊറാട്ട് നാടകങ്ങളെ കുറിച്ചും ഗവേഷണം നടത്തിയിരുന്നു. കമ്യൂണിസ്റ്റ് പാർടി ആദ്യ കാല പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായിരുന്ന ചന്ദ്രമോഹനന്റെയും രമണിയുടെയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകനാണ്. അവിവാഹിതനാണ്. Read on deshabhimani.com

Related News