കൊലപാതക രാഷ്ട്രീയം: ആർഎസ്‌എസ്‌ പോപ്പുലർ ഫ്രണ്ടിന്റെ മറുപുറം



തിരുവനന്തപുരം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണമായി കേരളത്തിലടക്കമുണ്ടായ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടുമ്പോഴും ആർഎസ്‌എസ്‌ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച്‌ കേന്ദ്രത്തിന്‌ മൗനം. കൊലപാതക രാഷ്ട്രീയത്തിൽ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്‌ തങ്ങളെന്ന്‌ ആർഎസ്‌എസും പോപ്പുലർ ഫ്രണ്ടും സമീപകാലങ്ങളിൽ തെളിയിച്ചതാണ്‌. മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന അഭിമന്യു, പാലക്കാട്ടെ സഞ്ജിത്‌, തിരൂരിലെ ബിപിൻ, ആലപ്പുഴയിലെ നന്ദു തുടങ്ങിയ കൊലപാതക കേസുകളാണ്‌ നിരോധനത്തിന്‌ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. ഇതിൽ അഭിമന്യു ഒഴികെയുള്ള എല്ലാ കൊലപാതകങ്ങൾക്കും പകരം ആർഎസ്‌എസ്‌ വധശിക്ഷ നടപ്പാക്കി.    ആലപ്പുഴയിൽ ആർഎസ്‌എസ്‌ പ്രവർത്തകനായിരുന്ന നന്ദുവിന്റെ കൊലപാതകമാണ്‌ എസ്‌ഡിപിഐ നേതാവ്‌ കെ എസ്‌ ഷാനിന്റെ മരണത്തിന്‌ കാരണമായത്‌. ഇതിനു പകരമായി ആർഎസ്‌എസ്‌ നേതാവായിരുന്ന രഞ്ജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ വെട്ടിവീഴ്‌ത്തി പോപ്പുലർ ഫ്രണ്ട്‌ തങ്ങളുടെ തീവ്രമുഖം വെളിവാക്കി. പാലക്കാട്ട്‌ ആർഎസ്‌എസ്‌ പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കാറിടിച്ച്‌ വീഴ്‌ത്തിയാണ്‌ പിഎഫ്‌ഐക്കാർ കൊലപ്പെടുത്തിയത്‌. പിന്നാലെ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകൻ സുബൈറിനെ ആർഎസ്‌എസുകാർ കൊന്നു. വൈകാതെ പോപ്പുലർ ഫ്രണ്ട്‌ പകരംവീട്ടി. ആർഎസ്‌എസുകാരനായ ശ്രീനിവാസനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തിരൂരിൽ കൊല്ലപ്പെട്ട ബിപിൻ കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതിയായിരുന്നു. പോപ്പുലർ ഫ്രണ്ടും ആർഎസ്‌എസും ഒരേതരത്തിൽ പരിശീലനം നൽകിയാണ്‌ കൊലപാതകങ്ങൾ നടത്തുന്നതെന്നാണ്‌ പൊലീസ്‌ കണ്ടെത്തൽ. കുറഞ്ഞ സമയത്തിനുള്ളിൽ ഒരാളെ കൊലപ്പെടുത്താൻ പാകത്തിലാണ്‌ ഇരുവരുടെയും ആയുധപരിശീലനം. Read on deshabhimani.com

Related News