പോപ്പുലർ തട്ടിപ്പ്‌: കണക്കില്ലാത്ത നിക്ഷേപങ്ങൾ വിദേശത്തേക്ക്‌ കടത്തി



പത്തനംതിട്ട > പോപ്പുലർ  ഫിനാൻസ്‌ കമ്പനി ഉടമകൾ  നിക്ഷേപങ്ങൾ വിദേശരാജ്യത്തേക്ക്‌ കടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. എത്രയെന്ന്‌ തിട്ടപ്പെടുത്താൻ കൂടുതൽ സമയം വേണ്ടിവരും. മുൻകൂട്ടി ആസുത്രണം ചെയ്‌ത്‌ വിദഗ്‌ധമായ രീതിയിലാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. സ്ഥാപനം ‌പൊട്ടിച്ച്‌ നിക്ഷേപവുമായി നാടുകടക്കുകയായിരുന്നു ലക്ഷ്യം. പോപ്പുലറിന്റെ പേരിൽ തട്ടിക്കൂട്ടിയ നാല്‌ കമ്പനികളുടെ ഡയറക്ടറാണ്‌ കഴിഞ്ഞദിവസം നിലമ്പൂരിൽനിന്ന്‌ പിടികൂടിയ റിയ ആൻ തോമസ്‌. ലിമിറ്റഡ്‌ ലയബിലിറ്റി പാർട്‌ണർഷിപ്പായി രൂപീകരിച്ച മൂന്ന്‌ കമ്പനികളുടെയും  സാൻ പോപ്പുലർ ഫിനാൻസിന്റെയും ഡയറക്ടറായിരുന്നു റിയ. നിക്ഷേപം വിദേശത്തേക്ക്‌ കടത്തുന്നതിൽ തോമസ്‌ ഡാനിയേലിന്റെ മക്കൾക്ക്‌ മുഖ്യപങ്കാണുള്ളത്‌. മത്സരിച്ചാണ്‌ ഇവർ പണം മാറ്റിയതെന്ന്‌ അറിയുന്നു. തൃശൂർ ആസ്ഥാനമാക്കി രജിസ്‌റ്റർ ചെയ്‌ത കമ്പനികളാണ്‌ പോപ്പുലർ ഫിനാൻസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, മേരി റാണി പോപ്പുലർ നിധി ലിമിറ്റഡ്‌ എന്നിവ. സ്വർണ പണയ ബിസിനസ്‌ നടത്താൻ മാത്രം അധികാരമുള്ള ഈ  സ്ഥാപനങ്ങൾക്ക്‌ ഡെപ്പോസിറ്റ്‌ സ്വീകരിക്കാനോ  ഓഹരി വിറ്റഴിക്കാനോ അനുവാദമുണ്ടായിരുന്നില്ല. പോപ്പുലർ ഫിനാൻസിന്റെ ഒരു സ്ഥാപനവും സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ്‌ ചെയ്‌തിട്ടില്ല. ഈ രണ്ട്‌ കമ്പനികളിൽനിന്ന്‌ തട്ടിപ്പിന്‌ മുമ്പ്‌ റിനു, റീബ എന്നിവർ പിൻവാങ്ങിയിരുന്നു. തട്ടിപ്പിന്‌ കളമൊരുക്കി മാറിയതാണെന്നാണ്‌ അന്വേഷണ സംഘം കണക്കുകൂട്ടുന്നത്‌. അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന റിയയെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്‌ നടത്താൻ അപേക്ഷ നൽകിയതായി ജില്ലാ പൊലീസ്‌ ചീഫ്‌ കെ ജി സൈമൺ പറഞ്ഞു. Read on deshabhimani.com

Related News