തൃശൂർ പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു ; 2023ലെ പൂരം ഏപ്രിൽ 30ന്

ഈ വർഷത്തെ തൃശൂർ പൂരത്തിന്‌ സമാപനം കുറിച്ച്‌ വടക്കുംനാഥ ക്ഷേത്രനടയിൽ തിരുവമ്പാടി –പാറമേക്കാവ്‌ വിഭാഗങ്ങൾ ഉപചാരം ചൊല്ലിപ്പിരിയുന്നത്‌ 
മൊബൈലിൽ പകർത്തുന്ന പൂരപ്രേമികൾ \ഫോട്ടോ: ഡിവിറ്റ്‌ പോൾ


തൃശൂർ മഴയിൽനനഞ്ഞ്‌, വെടിക്കെട്ട്‌ ബാക്കിയാക്കി തൃശൂർ പൂരത്തിന്‌ കൊടിയിറക്കം. വടക്കുംനാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത്‌ തിരുവമ്പാടി–-പാറമേക്കാവ്‌ ഭഗവതിമാരുടെ തിടമ്പേറ്റിയ കൊമ്പൻമാർ ഉപചാരം ചെല്ലിപ്പിരിഞ്ഞതോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക്‌ പരിസമാപ്‌തി. 2023 ഏപ്രിൽ 30നാണ്‌ അടുത്ത പൂരം.   ബുധൻ രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവ് വിഭാഗവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടി വിഭാഗവും പതിനഞ്ചാനപ്പുറത്ത് എഴുന്നെള്ളിപ്പ് തുടങ്ങി. പെരുവനം കുട്ടൻമാരാരുടെയും കിഴക്കൂട്ട്‌ അനിയൻമാരാരുടെയും നേതൃത്വത്തിൽ വീണ്ടും മേളപ്പെരുക്കം. തട്ടകക്കാർക്കായി കുടകളും വിരിഞ്ഞു. എഴുന്നള്ളിപ്പുകൾ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്ക് മുന്നേറിയപ്പോൾ പുരുഷാരവും കൂടിക്കൂടി വന്നു. ശ്രീമൂലസ്ഥാനത്ത്‌ തിരുവമ്പാടി ചന്ദ്രശേഖരനും എറണാകുളം ശിവകുമാറുമാണ്‌ കോലമേന്തി ഉപചാരം ചൊല്ലിയത്‌. ഉപചാരം ചൊല്ലലിനുശഷം ചെറിയ വെടിക്കെട്ട്‌. പകൽ രണ്ടോടെ പാറമേക്കാവിന്റെയും 2.40ന് തിരുവമ്പാടിയുടെയും വെടിക്കെട്ട് തുടങ്ങി. പടക്കപ്പൊരിച്ചിലിനുശേഷം ഗുണ്ടിന്റെയും കുഴിമിന്നലിന്റെയും ഗാംഭീര്യം പട്ടണത്തെ വിറപ്പിച്ചു. മാനത്ത്‌ കുടകളും വിരിഞ്ഞു. തുടർന്ന് നാഗസ്വരം, പഞ്ചവാദ്യം എന്നിവയോടെ പാറമേക്കാവും പാണ്ടിമേളക്കൊഴുപ്പിൽ തിരുവമ്പാടിയും ക്ഷേത്രങ്ങളിലേക്ക് തിരിച്ചെഴുന്നള്ളി. ആനയും തട്ടകക്കാരും ചേർന്ന് ക്ഷേത്രങ്ങളിൽ കൊടിയിറക്കി. പൂരക്കഞ്ഞി കുടിച്ച് പൂരപ്രേമികൾ വീട്ടിലേക്കും മടങ്ങി. ചൊവ്വാഴ്‌ച രാത്രിയിൽ മഴ ശക്തമായതോടെ ഘടകപൂരങ്ങളുടെ രാത്രി എഴുന്നള്ളിപ്പ് താളം തെറ്റിയിരുന്നു. ഘടകപൂരങ്ങളിൽ പലർക്കും മേളം പൂർത്തിയാക്കാനായില്ല. പക്ഷേ പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യം ക്ഷേത്രത്തിനകത്ത്‌ പരയ്‌ക്കാട്‌ പ്രാമാണികത്വത്തിൽ മധുരധാര തീർത്തു. Read on deshabhimani.com

Related News