കളങ്കിതരെ 
സംരക്ഷിക്കില്ല: പൊലീസുകാരുടെ മനോഭാവത്തിൽ മാറ്റം വരണം: മുഖ്യമന്ത്രി



കൊല്ലം ചിലരുടെ  പ്രവൃത്തികൾകാരണം പൊലീസ്‌ സേനയ്ക്കാകെ തലകുനിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് അവസാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളങ്കമുണ്ടാക്കുന്നവരോട് ദാക്ഷിണ്യം കാണിക്കേണ്ടതില്ല. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യതയുമില്ല. ഒട്ടേറെ മാതൃകാ പ്രവർത്തനത്തിലൂടെ കേരള പൊലീസിന്റെ യശസ്സ്‌ ഉയരുമ്പോഴാണ്‌ സേനയ്ക്കാകെ കളങ്കം വരുത്തുന്ന ചില സംഭവങ്ങളുണ്ടാകുന്നത്‌. അത്തരം പൊലീസുകാരുടെ മനോഭാവത്തിൽ മാറ്റം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കരയിൽ റൂറൽ എസ് പി ഓഫീസ് മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.      സേനയ്ക്കാകെ മാതൃകയായ നിരവധി സംഭവങ്ങളാണ്‌ അടുത്തിടെയുണ്ടായത്‌. മയക്കുമരുന്നിന് അടിമയായി സ്റ്റേഷനിലെത്തിയ ആളുടെ മക്കളെ പരിപാലിച്ചതും അമ്മയിൽനിന്ന് വേർപെട്ട് വിശന്നിരുന്ന കൈക്കുഞ്ഞിന്‌ പൊലീസ്‌ ഉദ്യോഗസ്ഥ  മുലയൂട്ടിയതും കഴിഞ്ഞ ദിവസമാണ്‌. തെളിവുകൾ ഇല്ലാത്തവിധം കുറ്റകൃത്യം ചെയ്ത സംഭവങ്ങളിൽ അന്വേഷണം നടത്തി കൃത്യമായി പ്രതികളെ പിടികൂടിയതും അടുത്തകാലത്ത്‌ പൊലീസിന്റെ യശസ്സ് ഉയർത്തിയ സംഭവങ്ങളാണ്‌. അതേസമയം സേനയ്ക്കാകെ കളങ്കം വരുത്തിയ ചില സംഭവങ്ങളും ഉണ്ടായി.     കേരള പൊലീസ്  ഒരു ജനസേവന സേനയാണെന്നും അധികാര പ്രയോഗസേന അല്ലെന്നുമുള്ള ബോധ്യമാണ് ഓരോ പൊലീസുകാരിലും ആദ്യം ഉണ്ടാകേണ്ടത്. ആ നിലയ്ക്കുള്ള മനോഭാവ മാറ്റം ഉണ്ടാക്കിയെടുക്കാൻ പരിശീലനകാലത്ത്‌ കഴിയണം. ജോലിക്കിടയിലെ സംഘർഷങ്ങളും പിരിമുറുക്കങ്ങളും ചിലരുടെ പരുഷമായ പെരുമാറ്റത്തിന് കാരണമായേക്കാം. എന്നാൽ തന്നെക്കാൾ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന പൊതുജനങ്ങളെ കാണാൻ തുടങ്ങുമ്പോൾ വാക്കും പ്രവൃത്തിയുമെല്ലാം മികച്ചതാണെന്ന് ഉറപ്പുവരുത്താൻ കഴിയും–-മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News