പൊലീസുകാരുടെ മരണം: ഷോക്കേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്



പാലക്കാട്> മുട്ടിക്കുളങ്ങര ക്യാമ്പിലെ ഹവിൽദാർമാരായ അശോക് കുമാറും മോഹൻദാസും ഷോക്കേറ്റാണ് മരിച്ചതെന്ന്‌ പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കൈയിലും കാലിലും ഷോക്കേറ്റതിന്റെ പൊള്ളലുകളുണ്ട്. പന്നിയെ പിടിക്കാൻവച്ച വൈദ്യുതലൈനിൽനിന്ന് നേരിട്ട് കൈയിലേക്കും കാലിലേക്കും വൈദ്യുതി പ്രവഹിച്ചിട്ടുണ്ട്. അതിനാലാണ് രണ്ടിടത്തും പൊള്ളലേറ്റതെന്നാണ് പോസ്റ്റ്മാർട്ടത്തിൽ വ്യക്തമായത്. ജില്ലാ ആശുപത്രിയിൽ വ്യാഴം വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പൊതുദർശനത്തിനുവച്ചു. മന്ത്രി എം വി ​ഗോവിന്ദൻ ജില്ലാ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ജില്ലാകമ്മിറ്റി അം​ഗം ടി കെ നൗഷാദ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് രാത്രി ഏഴരവരെ മുട്ടിക്കുളങ്ങര ക്യാമ്പിലും പൊതുദർശനത്തിനുവച്ചു. ക്യാമ്പിൽ നിരവധിപേരാണ് അന്തിമോപചാരം അർപ്പിച്ചത്. അശോക് കുമാറിന്റെ മൃതദേഹം രാത്രി ഒമ്പതോടെ വീട്ടിലെത്തിച്ച് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. മോഹൻദാസിന്റെ മൃതദേഹം വെള്ളി രാവിലെ 10ന് അത്തിപ്പൊറ്റ ശ്മശാനത്തിൽ സംസ്‌കരിക്കും.   Read on deshabhimani.com

Related News