കോടിയേരിയുടെ മരണത്തെ അവഹേളിച്ച പൊലീസുകാരന്‌ സസ്പെൻഷൻ



തിരുവനന്തപുരം> അന്തരിച്ച മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനെ അവഹേളിച്ച പൊലീസ്‌ ഉദ്യോഗസ്ഥന്‌ സസ്‌പെൻഷൻ. തിരുവനന്തപുരം മെഡി. കോളേജ്‌ സ്റ്റേഷനിലെ സിവിൽ പൊലീസ്‌ ഓഫീസറായ ഉറൂബിനെയാണ്‌ സിറ്റി പൊലീസ്‌ മേധാവി ജി സ്പർജൻകുമാർ സസ്‌പെൻഡ്‌ ചെയ്‌തത്‌. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഉദ്യോഗസ്ഥന്റെ നടപടി കൃത്യവിലോപവും പൊലീസ്‌ സേനയ്‌ക്ക്‌ നാണക്കേടുണ്ടാക്കുന്നതാണെന്നും പൊലീസ്‌ ഉദ്യോഗസ്ഥരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ മേധാവി നൽികയ സർക്കുലറിന്‌ വിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു. പോത്തൻകോട്‌ എൽവിഎച്ച്‌ സ്കൂളിൽ പിടിഎ പ്രസിഡന്റ്‌ കൂടിയാണ്‌ ഉറൂബ്‌. പിടിഎയുടെ വാട്ട്‌സാപ്പ്‌ ഗ്രൂപ്പിലാണ്‌ ഇയാൾ മരണത്തെ അവഹേളിച്ച്‌ പോസ്റ്റ്‌ ഇട്ടത്‌. ‘ഒരു കൊലപാതകി ചത്തു’ എന്നാണ്‌ ഇയാൾ കോടിയേരിയുടെ ഫോട്ടോയ്‌ക്കൊപ്പം എഴുതിച്ചേർത്തത്‌. മുൻ ആഭ്യന്തരമന്ത്രി കൂടിയായ വ്യക്തിയുടെ മരണത്തെ അവഹേളിച്ച പൊലീസുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട്‌ സിപിഐ എം ആനയ്‌ക്കോട്‌ ബ്രാഞ്ച്‌ മുഖ്യമന്ത്രിക്കും പൊലീസ്‌ മേധാവിക്കും ദക്ഷിണമേഖലാ എഡിജിപിക്കും പരാതി നൽകിയിരുന്നു. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗൺമാനുമായിരുന്നു ഉറൂബ്‌.   Read on deshabhimani.com

Related News