പൊലീസ്‌ ഉദ്യോഗസ്ഥൻ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ



തിരുവനന്തപുരം/നെയ്യാറ്റിൻകര> പൊലീസ്‌ ഉദ്യോഗസ്ഥനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്റ്റേഷനിലെ സിവിൽ പൊലീസ്‌ ഓഫീസർ മാരായമുട്ടം മാതാപുരം റയോൺ ഭവനിൽ എസ്‌ ജെ സജി (37)യാണ്‌ മരിച്ചത്‌. ജോലി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്നതായും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. രണ്ട്‌ ദിവസമായി സജിയെ കാണാനില്ലെന്ന്‌ കുടുംബം പരാതി നൽകിയിരുന്നു. പൊലീസ്‌ സഹായത്തോടെ ബന്ധുക്കൾ ടവർ ലൊക്കേഷൻ പരിശോധിച്ചിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷന്‌ സമീപത്തെ മേൽപ്പാലത്തിന്‌ സമീപം സജിയുടെ ബൈക്ക്‌ കണ്ടെത്തി. സമീപത്തെ ഹോട്ടലുകളിലെല്ലാം അന്വേഷിച്ചപ്പോൾ സജി മുറിയെടുത്തതായി വ്യക്തമായി. തമ്പാനൂർ പൊലീസിന്റെ സാന്നിധ്യത്തിൽ മുറി തുറന്ന്‌ പരിശോധിച്ചപ്പോഴാണ്‌ തൂങ്ങി മരിച്ച നിലയിൽ കണ്ടത്‌. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ സജി 2021 സെപ്തംബറിനുശേഷം ജോലിക്കെത്തിയിരുന്നില്ലെന്നും ഇക്കാര്യത്തിൽ മേലുേദ്യോഗസ്ഥർക്ക്‌ റിപ്പോർട്ട്‌ നൽകിയിരുന്നതായും നെയ്യാറ്റിൻകര സിഐ അറിയിച്ചു. നടുവേദനയെ തുടർന്ന് സജി ആയുർവേദ ചികിത്സയിലായിരുന്നു. അതിനാലാണ് ജോലിക്ക് ഹാജരാകാത്തത്. ഈ കാലയളവ് അവധിയായി പരിഗണിക്കണമെന്ന്‌ സജി നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ആറ് മാസമായി സജിക്ക് ശമ്പളമില്ലായിരുന്നു. പുതിയവീട് വയ്‌ക്കാനെടുത്ത വായ്‌പയും കുടിശ്ശികയുണ്ടായിരുന്നു. ഇക്കാര്യത്തിൽ ബാങ്ക്‌ അധികൃതർ നോട്ടീസ്‌ നൽകിയിരുന്നു. ഇതിൽ മനം നൊന്താണ് സജി ആത്മഹത്യ ചെയ്തതെന്ന്‌ കുടുംബം പറയുന്നു. എൽജെഡി ജില്ലാ കമ്മിറ്റിയം​ഗവും കിസാൻ ജനതാ ജില്ലാ പ്രസിഡന്റുമായ എൽ ആർ സുദർശനകുമാറാണ്‌ സജിയുടെ അച്ഛൻ. അമ്മ: ജയകുമാരി. ഭാര്യ: എം എസ്‌ ആഷ. മകൻ: റയാൻ. സഹോദരൻ: എസ് സതി (ഹെൽത്ത് സർവീസ്). മൃതദേഹം സംസ്‌കരിച്ചു. Read on deshabhimani.com

Related News