സീറ്റ്‌ ഉറപ്പിച്ച്‌ പ്ലസ്‌വൺ ചരിത്രനേട്ടം ; പ്രവേശനം നേടിയത്‌ 3,85,253 വിദ്യാർഥികൾ



തിരുവനന്തപുരം സംസ്ഥാനത്ത്‌ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ്‌ വൺ പ്രവേശനം സാധ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്‌ ചരിത്ര നേട്ടം.  പ്രവേശന നടപടികൾ പൂർത്തിയാക്കിയതോടെ ഒന്നാം വർഷ ഹയർ സെക്കൻഡറിക്ക്‌ പ്രവേശനം നേടിയത്‌ 3,85,253 പേർ. 20 ശതമാനം മാർജിൻ സീറ്റും അധിക ബാച്ചുകളും അനുവദിച്ച്‌  സർക്കാർ  നടത്തിയ അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ്‌ ആഗ്രഹിച്ചവർക്കെല്ലാം പ്രവേശനം സാധ്യമായത്‌.  പ്രവേശന നടപടികൾ അവസാനിപ്പിച്ചപ്പോൾ  22,133 സീറ്റ്‌ പൊതുവിദ്യാഭ്യാസ മേഖലയിൽ അധികമായുണ്ട്‌. ഗവ. സ്‌കൂളിൽ 14,756ഉം എയ്ഡഡിൽ 7,377 സീറ്റുമാണ്‌ ഒഴിഞ്ഞത്‌. അൺ എയ്ഡഡ് സ്‌കൂളുകളിലാകട്ടെ 24,695 സീറ്റും ഒഴിവുണ്ട്‌. മാർജിനൽ സീറ്റ് വർധിപ്പിച്ചതിലൂടെ ഗവ. സ്‌കൂളുകളിലെ 30,043ഉം എയ്ഡഡിൽ 24,291ഉം ഉൾപ്പെടെ 54,334 പേർക്ക് പ്രവേശനം ലഭിച്ചു.  അധികമായി അനുവദിച്ച 79 താൽക്കാലിക ബാച്ചിലെ 5,105 സീറ്റിൽ ആകെ 4,561 പേരും പ്രവേശനംനേടി. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാവർക്കും സീറ്റ് നൽകുമെന്ന് നിയമസഭയിലും ജനങ്ങൾക്കും നൽകിയ ഉറപ്പ് യാഥാർഥ്യമാക്കാനായതിൽ വലിയ സന്തോഷമുണ്ടെന്നും സർക്കാർ വിരുദ്ധ മാധ്യമങ്ങൾ നടത്തിയ  പ്രചാരണത്തിനുള്ള മറുപടിയാണിതെന്നും  പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. Read on deshabhimani.com

Related News