വികസന പദ്ധതികള്‍ നടപ്പാക്കുന്നത് കോവിഡ് പ്രതിസന്ധികളെ തരണം ചെയ്‌ത്: മുഖ്യമന്ത്രി



തിരുവനന്തപുരം > കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്‌തുകൊണ്ടാണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സര്‍ക്കാര്‍, ജനങ്ങളോടു പ്രതിബദ്ധതയുള്ള ബദല്‍ നയങ്ങള്‍ പിന്തുടരുന്നതു കൊണ്ടാണ് അത് സാധ്യമാകുന്നത്. നമ്മുടെ ആരോഗ്യ സംവിധാനങ്ങളില്‍ ഉയര്‍ന്നുവന്ന ജനകീയ ബദല്‍ എന്ന ആശയം ലോകമൊട്ടാകെ എത്തിച്ചേര്‍ന്ന ഒരു കാലഘട്ടമാണ് ഇത്. ആ ബദലിന്റെ മുന്‍നിര പ്രവര്‍ത്തകരാണ് ആരോഗ്യപ്രവര്‍ത്തകര്‍. എന്നാല്‍, സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമങ്ങള്‍ ഉണ്ടാവുന്നു എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ ആക്രമിക്കുന്നത് സമൂഹത്തെയാകെയാണ്. അതുകൊണ്ടുതന്നെ അത്തരക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ 4 പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെ നീണ്ടുനിന്ന ഈ കര്‍മ്മപദ്ധതിയുടെ എണ്‍പതു ശതമാനം പരിപാടികളും പൂര്‍ത്തിയായി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ആരോഗ്യ മേഖലയിലടക്കം നാം കൈവരിച്ച നേട്ടങ്ങളുടെ തുടര്‍ച്ചയാണിത്. ആരോഗ്യ മേഖലയില്‍ പ്രധാനപ്പെട്ട മൂന്നു പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി സബ് സെന്റര്‍ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളിലെ 25 കോടി രൂപയുടെ പദ്ധതികളും അതിന്റെ തുടര്‍ച്ചയായി സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളും 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ പദ്ധതികളുമായിരുന്നു അവ. മൂന്നിലുമായി ആകെ 213 ആരോഗ്യ സ്ഥാപനങ്ങളില്‍ 56.59 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിനൊക്കെ പുറമെയാണ് പുതിയ പദ്ധതികളുടെ ഉദ്ഘാടനം. ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ കരുതല്‍ വെളിവാക്കുന്നവയാണ് 37.61 കോടി രൂപ ചെലവഴിച്ചിട്ടുള്ള ഈ പുതിയ പദ്ധതികള്‍. ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ഐസിയു സജ്ജീകരണങ്ങള്‍. രാജ്യത്താകെ മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതുവരെയുള്ള കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ വിജയിപ്പിച്ചത് ഇവിടെയുള്ള മികച്ച പൊതുജനാരോഗ്യ സൗകര്യങ്ങളാണ്, രോഗം ബാധിച്ചവര്‍ക്ക് അവയിലൂടെ ലഭിച്ച പരിചരണമാണ്. മറ്റു പല ഇടങ്ങളിലും ആരോഗ്യ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതും അതിന്റെ ഫലമായി ആളുകള്‍ വലിയ തോതില്‍ മരണപ്പെടുന്നതും നാം കണ്ടു. എന്നാല്‍, കേരളത്തില്‍ അത്തരമൊരു സാഹചര്യം ഉണ്ടായില്ല. ഇവിടെ ഒരാള്‍ക്കും മതിയായ ചികിത്സ ലഭിക്കാതെ പോയിട്ടില്ല. മൂന്നാം തരംഗത്തെ കൂടി മുന്നില്‍ കണ്ടുകൊണ്ട് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2 പുതിയ ഐ സി യുകള്‍ കൂടി സജ്ജമായിരിക്കുകയാണ്. 100 കിടക്കകളാണ് അവയില്‍ ഒരുക്കിയിട്ടുള്ളത്. ഈ ഐ സി യുകള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. ഇതുകൂടാതെ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. കുട്ടികളില്‍ രോഗവ്യാപനം ഉണ്ടായാല്‍ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐ സി യുകള്‍ സജ്ജമാക്കിയിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുന്നത് ആ പ്രദേശത്തിന്റെയാകെ ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ആ വിധത്തിലുള്ള കരുതലാണ് ഇന്നിവിടെ നടക്കുന്ന പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിലും പ്രതിഫലിക്കുന്നത്. 19.93 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നിര്‍മ്മിച്ച മരുന്ന് പരിശോധനാ ലബോറട്ടറി കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിലേത്. ചികിത്സ പോലെ തന്നെ പ്രധാനമാണ് മരുന്നുകളുടെ ഗുണനിലവാരവും. 15,000 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ലബോറട്ടറി പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4,500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. ശിശുക്കളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യംവെച്ചുള്ള ആയിരം ദിന പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനമാണിത്. കഴിഞ്ഞ കാലങ്ങളില്‍ ശിശുമരണ നിരക്ക് കുറച്ചുകൊണ്ടുവരുന്നതില്‍ വലിയ നേട്ടം കൈവരിക്കാന്‍ കേരളത്തിനു സാധിച്ചു എന്നത് അഭിമാനകരമാണ്. 2016 ല്‍ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ശിശുമരണ നിരക്ക് പത്ത് ആയിരുന്നു. ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച ലക്ഷ്യം 8 ആണെന്നിരിക്കെ, കേരളത്തിലെ ശിശുമരണ നിരക്ക് ഏഴിലേക്ക് കുറയ്ക്കാന്‍ നമുക്കു കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നാം ഒന്നാമതാണ്. ഈ രംഗത്ത് നമുക്ക് ഇനിയും മുന്നേറാന്‍ കഴിയും. ആദ്യ ആയിരം ദിന പരിപാടി എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്ടുകളിലേക്കാണ് വ്യാപിപ്പിക്കുന്നത്. ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ മുതല്‍ കുട്ടിയ്ക്ക് 2 വയസു തികയുന്നതു വരെയുള്ള ആദ്യ ആയിരം ദിനങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ആ ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും ഈ പരിപാടി സഹായിക്കും. ഇതിനായി 2.19 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ചികിത്സയും ബോധവല്‍ക്കരണവും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. നമ്മുടെ ജനകീയ ബദല്‍ വികസന നയങ്ങള്‍ കാലത്തിനൊത്ത് വിജയിക്കണം എന്നുണ്ടെങ്കില്‍ അവയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെ ആത്മാര്‍ത്ഥമായ പങ്കാളിത്തം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 100 ദിനങ്ങള്‍ വെല്ലുവിളി നിറഞ്ഞത്: മന്ത്രി വീണാ ജോര്‍ജ് ഈ 100 ദിനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചടുത്തോളം വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ 100 ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് രണ്ടാം തരംഗത്തിനൊപ്പം സിക്ക, നിപ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കേരളത്തിന്റെ സുശക്തമായ ആരോഗ്യ മേഖലയുടെ അടിത്തറ, ജനപങ്കാളിത്തം, ഐക്യത്തോടെയുള്ള പ്രവര്‍ത്തനം, ശാസ്ത്രീയമായ സമീപനം ഇവയെല്ലാം കൊണ്ട് ഈ പകര്‍ച്ച വ്യാധികളെ കൃത്യമായി പ്രതിരോധിക്കാന്‍ കേരളത്തിനായെന്നും മന്ത്രി പറഞ്ഞു. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെ നേരിടാന്‍ എല്ലാവര്‍ക്കും വേഗത്തില്‍ വാക്‌സിന്‍ നല്‍കാനാണ് ശ്രമിച്ചത്. 91 ശതമനാത്തിലധികം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ഒരു കോടിയിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. ഇനിയും വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. ആരും വിമുഖത കാട്ടരുത്. ശക്തമായ പ്രതിരോധം കൊണ്ടാണ് സിക വൈറസ് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. നിപ വൈറസ് പ്രതിരോധത്തിനും വളരെ വലിയ പ്രവര്‍ത്തനമാണ് നടത്തിയത്. കൃത്യമായ കര്‍മ്മ പദ്ധതിയിലൂടെ പ്രതിരോധമൊരുക്കാനായി. ഒരു ദിവസം കൊണ്ട് ലാബ് സജ്ജമാക്കി. ഹൗസ് ടു ഹൗസ് സര്‍വര്‍യലന്‍സ് നടത്തി. ഈ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ പരിശ്രമിച്ചത്. ഈ അവസരത്തില്‍ കമ്മര്‍മ്മനിരതമായി സമര്‍പ്പിതമായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ വി ശിവന്‍ കുട്ടി, മുഹമ്മദ് റിയാസ്, വിവിധ ജില്ലകളിലെ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. Read on deshabhimani.com

Related News