വിഷലിപ്ത പ്രചരണം നടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും: മുഖ്യമന്ത്രി



തിരുവനന്തപുരം > സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത്  വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്‌കര്‍ഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി പി. ജോയ്,  ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, എഡിജിപിമാരായ ടി.കെ വിനോദ് കുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റലിജൻസ്‌  റിപ്പോർട്ട്‌ തയ്യാറാക്കുന്നു മതസൗഹാർദവും ഐക്യവും തകർക്കുന്നതരത്തിൽ സംസ്ഥാനത്ത്‌ നടന്ന മുഴുവൻ പ്രസംഗങ്ങളുടെയും പ്രസ്‌താവനകളുടെയും റിപ്പോർട്ട്‌ ആഭ്യന്തരവകുപ്പ്‌ ശേഖരിക്കുന്നു.  അത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണിത്‌.   ഇന്റലിജൻസ്‌ അഞ്ച്‌ വർഷത്തെ പ്രാഥമിക റിപ്പോർട്ട്‌ തയ്യാറാക്കി. വെള്ളിയാഴ്‌ച  ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ ഇന്റലിജൻസ്‌ മേധാവി കൈമാറും. സമൂഹമാധ്യമങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കും. ഇതിന്‌ ഇന്റലിജൻസിൽ ഉദ്യോഗസ്ഥർക്ക്‌ പ്രത്യേക ചുമതല നൽകും.  പാലാ ബിഷപ്പിന്റെ നർക്കോട്ടിക്‌ ജിഹാദ്‌ പ്രസ്‌താവനയ്‌ക്ക്‌ ശേഷം വർഗീയ–-തീവ്രവാദ ശക്തികൾ അടക്കം സമൂഹമാധ്യമങ്ങളിൽ വിഷലിപ്‌ത പ്രചാരണമാണ്‌  നടത്തുന്നത്‌. ഈ പശ്ചാത്തലത്തിൽ ഇത്തരം മുഴുവൻ പ്രചാരണത്തിന്റെ രേഖകളും ഇന്റലിജൻസ്‌ ശേഖരിക്കും. ഹൈടെക്‌ സെല്ലും സൈബർഡോമും ഇതിന്‌ സഹായിക്കും. Read on deshabhimani.com

Related News