കർഷകരുടെയും 
കുടുംബങ്ങളുടെയും ക്ഷേമം സർക്കാർ ലക്ഷ്യം : മുഖ്യമന്ത്രി



തിരുവനന്തപുരം കർഷകരുടെയും കുടുംബത്തിന്റെയും ജീവിത ഭദ്രത ഉറപ്പാക്കൽ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക ക്ഷേമനിധി ബോർഡിന്റെ അംഗത്വവിതരണം ഉൾപ്പെടെയുള്ള കൃഷി വകുപ്പിന്റെ വിവിധ പദ്ധതി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‌ മാതൃകയാണ്‌ കേരളത്തിലെ കർഷകക്ഷേമനിധി ബോർഡ്. ബോർഡിന്റെ ഹെഡ്ഓഫീസ് കഴിഞ്ഞ ദിവസം തൃശൂരിൽ തുറന്നു. കർഷകരുടെ അംഗത്വം സ്വീകരിക്കൽ ആരംഭിച്ചു. കർഷകരുടെ ക്ഷേമം ഉറപ്പാക്കലാണ്‌‌ സർക്കാർ ലക്ഷ്യം. തൃശൂർ കണ്ണാറയിൽ സ്ഥാപിച്ച ബനാന ഹണി പാർക്ക്, മണ്ണൂത്തിയിലെ ബയോ കൺട്രോൾ ലാബ്‌ വിപുലീകരണം, കൂത്തുപറമ്പിലെ സെന്റർ ഫോർ ബയോറിസോഴ്സ് ആൻഡ് അഗ്രികൾച്ചർ റിസർച്ച് അക്കാദമിക് ബ്ലോക്ക്, കാംകോയുടെ ഇക്കോ ലെപ്പേർഡ് ടില്ലർ, അട്ടപ്പാടി ബ്ലോക്കിലെ ചെറുധാന്യ സംഭരണം,  പെരിനാട് നാളികേര യൂണിറ്റ്, എറണാകുളത്തെ വാഴപ്പഴം, പൈനാപ്പിൾ പ്രോസസിങ് യൂണിറ്റ്, തിരുവനന്തപുരം അഗ്രോ സർവീസ് സെന്റർ, ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ നടത്തുന്ന കരിങ്ങാലി ചാലിൽ പുഞ്ചയുടെ അടിസ്ഥാന സൗകര്യവികസനം, തിരുവനന്തപുരം ഹോർട്ടികോർപ്‌ നാടൻ വിപണി, പ്രോസസിങ്‌ യൂണിറ്റ് എന്നിവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു. കൃഷി മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി. തദ്ദേശ സ്ഥാപനങ്ങൾ 
കൂടുതൽ തൊഴിൽ 
സൃഷ്‌ടിക്കണം: മുഖ്യമന്ത്രി കൂടുതൽ തൊഴിലവസരം സൃഷ്‌ടിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആയിരംപേർക്ക്‌ അഞ്ച്‌ എന്ന നിലയിൽ തൊഴിൽ സൃഷ്‌ടിക്കണം. കോവിഡ്‌  പ്രതിരോധം ഉൾപ്പെടെയുള്ള മേഖലയിൽ തദ്ദേശഭരണ വകുപ്പ്‌ മികച്ച പ്രവർത്തനമാണ്‌ നടത്തിയത്‌.  പഞ്ചായത്ത്‌ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി തയ്യാറാക്കി വരികയാണ്‌. പാർപ്പിട നിർമാണം, സുഭിക്ഷ കേരളം, വിശപ്പ്‌ രഹിത പദ്ധതി, ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതി എന്നിവ ഏറ്റെടുക്കുന്നതിന്‌ എല്ലാ തദ്ദേശ സ്ഥാപനങ്ങളും തയ്യാറാകണം. മുൻ കാലങ്ങളെ അപേക്ഷിച്ച്‌ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കൂടുതൽ ഫണ്ട്‌ കൈമാറിയിട്ടുണ്ട്‌. കോവിഡ്‌ പ്രതിരോധം, പ്രളയം എന്നിവയ്‌ക്ക്‌ പ്രത്യേക ഫണ്ട്‌ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശഭരണ മന്ത്രി എ സി മൊയ്‌തീൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌‌ ആർ സുരേഷ്‌കുമാർ, കെ എൻ ഹരിലാൽ, ശാരദാ മുരളീധരൻ, പി കെ ജയശ്രീ, ജോയ്‌ ഇളമൺ, ആർ സുഭാഷ്‌, പി വിശ്വംഭരപണിക്കർ, കെ തുളസി,  ത്രേസ്യാമ്മ ആന്റണി, ദിവ്യ എസ്‌ അയ്യർ,  എം പി  അജിത്‌കുമാർ എന്നിവർ സംസാരിച്ചു. മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ്‌ ട്രോഫി  മന്ത്രി എ സി മൊയ്‌തീൻ വിതരണം ചെയ്‌തു. Read on deshabhimani.com

Related News